India

ഉയർത്തെഴുന്നേൽപ്പിന്റെ പാതയിൽ കോൺ​ഗ്രസ് ജില്ലാതലത്തിൽ ഭരണഘടനാ സംരക്ഷണ റാലി നടത്തും

 

ബിജെപിക്കെതിരായി പ്രചരണം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ് പാർട്ടി. ഇതിനായി ഭരണഘടനാ സംരക്ഷണ റാലി നടത്താനൊരുങ്ങി കോൺഗ്രസ്. ഏപ്രിൽ 25 മുതൽ 30 വരെ ഭരണഘടനാ സംരക്ഷണ റാലി നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. മെയ് മൂന്നു മുതൽ 10 വരെ ജില്ലാതലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി നടത്തും. മെയ് 11 മുതൽ 17 വരെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും റാലി നടത്തും. മെയ് 11 നും 17 നും ഇടയിൽ നിയോജക മണ്ഡലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി നടക്കും. മെയ് 25 നും 30 നും ഇടയിൽ വീടുകൾ തോറും പ്രചാരണം നടത്തും.
ഡിസിസി ശാക്തീകരണത്തില്‍ കേരള മോഡല്‍ അടിസ്ഥാനമാക്കും. ജനസമ്പര്‍ക്കം, ഫണ്ട് സ്വരൂപിക്കല്‍ തുടങ്ങിയ കാര്യങ്ങളിലാകും കേരള മാതൃക പിന്തുടരുക. ശാക്തീകരണ നടപടികള്‍ ആദ്യം തുടങ്ങിയ ഗുജറാത്തില്‍ മെയ് 31ന് പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് വിലക്കില്ലെന്നും വ്യക്തമാക്കി.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ റോസ് അവന്യൂ കോടതി നടപടികള്‍ പരിശോധിച്ച ശേഷം ഉയര്‍ന്ന കോടതികളെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇഡി നടപടിയില്‍ പ്രതിഷേധിച്ച് വരുന്ന തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാജ്യവ്യാപകമായി വാര്‍ത്ത സമ്മേളനം നടത്തും. കെട്ടിച്ചമച്ച കേസാണെന്നും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിരപരാധിത്വം വൈകാതെ തെളിയുമെന്നും ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.