തളിപ്പറമ്പ് സർ സയ്യിദ് കോളേജ് വഖഫ് ഭൂമിയിലല്ല എന്ന നിലപാട് തിരുത്തി മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ ജില്ലാ മുസ്ലിം വിദ്യാഭ്യാസ അസോസിയേഷൻ (സിഡിഎംഇ) . കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ വിഷയം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിം ലീഗിനെ കടന്നാക്രമിച്ചിരുന്നു. ഭൂമി വഖഫ് സ്വത്തല്ല എന്ന പ്രസ്താവനയെച്ചൊല്ലി ലീഗിലും തർക്കങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് തിരുത്ത്.
ലീഗ് അനുഭാവികളിൽ ചിലർ പാർട്ടി അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടലും ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയിൽ നിന്ന് കോളജിനായി പാട്ടത്തിന് നൽകിയ ഭൂമി വഖഫ് സ്വത്തല്ല, നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലത്തിന്റേതാണ് എന്നായിരുന്നു മാനേജ്മെന്റ് കമ്മിറ്റി ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചില പിഴവുകൾ സംഭവിച്ചു എന്നാണ് കണ്ണൂരിലെ ലീഗിന്റെ ജില്ലാ നേതാക്കൾ ഇപ്പോൾ പറയുന്നത്. കോളേജ് ഭൂമിയുടെ തണ്ടപ്പേർ മാറ്റുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകർക്ക് സംഭവിച്ച സാങ്കേതിക പിഴവാണ് വിവാദത്തിനാധാരം എന്നാണ് നേതാക്കളുടെ അവകാശവാദം. പിഴവ് തിരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.