ഉച്ചയ്ക്ക് ഊണിന് ഒരു നാടൻ കറി വെച്ചാലോ? നല്ല നാടൻ ചീരയും പരിപ്പും കൂടെ ചേർത്ത് ഒരുഗ്രൻ കറി.
ആവശ്യമായ ചേരുവകള്‍
- പച്ചമുളക് – 2 എണ്ണം
- ചെറിയ ഉള്ളി – 3 എണ്ണം
- ചെറിയ ജീരകം – 1/4 ടീസ്പൂണ്‍
- മുളക് പൊടി – 1/2 ടീസ്പൂണ്‍
- വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
- കടുക് – 1/2 ടീസ്പൂണ്‍
- വെളുത്തുള്ളി – 6 എണ്ണം
- വറ്റല്‍ മുളക് – 3 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- സവാള (ചെറുത് ) – 1 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കറി ഉണ്ടാക്കാനായി ആദ്യം മൂന്നുറു ഗ്രാം ചീര നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാം. ഇനി ഒരു ബൗള്‍ എടുത്ത് അതിലേക്ക് മുക്കാല്‍ കപ്പ് പരിപ്പ് ചേര്‍ക്കണം. പരിപ്പ് നന്നായി കഴുകിയ ശേഷം ഒരു കുക്കറിലേക്ക് മാറ്റി അതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും കുറച്ച് ഉപ്പും കൂടി ചേര്‍ത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് രണ്ട് കപ്പ് വെള്ളം കൂടി ചേര്‍ത്ത് നന്നായി വേവിച്ചെടുക്കാം. അടുത്തതായി ഒരു മിക്‌സിയുടെ ജാര്‍ എടുത്ത് അതിലേക്ക് അരക്കപ്പ് തേങ്ങയും രണ്ട് പച്ചമുളകും മൂന്ന് ചെറിയ ഉള്ളിയും കൂടെ ചേര്‍ത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ ചെറിയ ജീരകവും അര ടീസ്പൂണ്‍ മുളക് പൊടിയും ആവശ്യത്തിന് വെള്ളവും കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കാം.
പിന്നീട് ഒരു മണ്‍ചട്ടി അടുപ്പില്‍ വച്ച് അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. എണ്ണ ചൂടായി വരുമ്പോള്‍ അര ടീസ്പൂണ്‍ കടുക് ചേര്‍ത്ത് കൊടുക്കാം. ശേഷം വെളുത്തുള്ളി ചതച്ചതും വറ്റല്‍ മുളകും കൂടി ചേര്‍ത്ത് എല്ലാം കൂടി ചെറുതായി വഴറ്റിയെടുക്കാം. ശേഷം കുറച്ച് കറിവേപ്പിലയും സവാള ചെറുതായി അരിഞ്ഞത് കൂടി ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് ചീര കൂടി ചേര്‍ത്ത് എല്ലാം കൂടി നന്നായി മിക്‌സ് ചെയ്‌തെടുക്കാം. ചീര അടച്ച് വെച്ച് ഏഴ് മിനിറ്റ് വേവിക്കാം. ചീര നന്നായിട്ട് വെന്ത് വന്നാല്‍ ഇതിലേക്ക് വേവിച്ച് വെച്ച പരിപ്പ് കൂടെ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. ശേഷം അരച്ച് വെച്ച അരപ്പ് ഇതിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് വെള്ളം കൂടി ചേര്‍ത്ത് എല്ലാം കൂടി നന്നായി മിക്‌സ് ചെയ്തെടുക്കണം. കറി തിളച്ച് വരുമ്പോള്‍ തീ ഓഫ് ചെയ്യാം. പരിപ്പ് ചീര കറി തയ്യാര്‍.