സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്. വിൻസിയുമായി ഇന്നലെ സംസാരിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി പറഞ്ഞു. തുറന്ന് പറഞ്ഞതിന് സിനിമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
രാസ ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന നിലപാട് ധീരമെന്ന് മന്ത്രി അറിയിച്ചു. ചലച്ചിത്ര മേഖല പൂർണമായും ഈ നിലപാട് സ്വീകരിക്കണം. ലഹരി പരിശോധനയ്ക്ക് പരിധികളില്ല.സിനിമാ മേഖലയായാലും മറ്റേതു മേഖലയായാലും പരിശോധന കർശനമാക്കും. സെലിബ്രിറ്റികൾ എന്ന പരിഗണനയും ഇല്ല. ലഹരിയെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തുമെന്നും മന്ത്രി അറിയിച്ചു.