ഉച്ചയ്ക്ക് ഊണിന് സോയ ചങ്ക്‌സ് വെച്ച് കറി ഉണ്ടാക്കിയാലോ? ഇതുണ്ടെങ്കിൽ പിന്നെ ചിക്കനോ ബീഫോ ഒന്നും വേണ്ട. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- സോയ ചങ്ക്‌സ് ( വലുത് ) – 1 1/2 കപ്പ്
- കുരുമുളക് – 2 ടേബിള്‍ സ്പൂണ്‍
- വലിയ ജീരകം – 1 ടീസ്പൂണ്‍
- ചെറിയ ജീരകം – 1 ടീസ്പൂണ്‍
- സവാള – 1 എണ്ണം
- തക്കാളി – 2 എണ്ണം
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
- കാശ്മീരി മുളക്‌പൊടി – 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഒന്നര കപ്പ് സോയ (വലുത് ) ചങ്ക്സ് എടുക്കാം. ഒരു പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വയ്ക്കണം. വെള്ളം ചൂടായി തിളച്ച് വരുമ്പോള്‍ സോയ ചങ്ക്സ് ചേര്‍ത്ത് കൊടുക്കണം. സോയ ഇട്ട് രണ്ട് മിനിറ്റ് തിളപ്പിച്ചെടുക്കണം. സോയ എടുത്ത് നന്നായി പിഴിഞ്ഞെടുക്കണം. ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു പാന്‍ അടുപ്പില്‍ വയ്ക്കണം. പാന്‍ ചൂടായി വരുമ്പോള്‍ രണ്ട് ടേബിള്‍ സ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ ചെറിയ ജീരകം, ഒരു ടീസ്പൂണ്‍ വലിയ ജീരകം എന്നിവ ചേര്‍ത്ത് നന്നായി വറുത്തെടുക്കണം. ശേഷം ഇത് നന്നായി പൊടിച്ചെടുക്കണം. ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടായി വരുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കണം. ശേഷം ഒരു വലിയ സവാള കനം കുറച്ച് അരിഞ്ഞത് ചേര്‍ക്കണം. സവാള നന്നായി വഴന്ന് കിട്ടാനായി ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ക്കാം.
സവാള നന്നായി വെന്ത് കഴിഞ്ഞാല്‍ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് കൂടി ചേര്‍ത്ത് കൊടുക്കാം. തക്കാളി നന്നായി വെന്ത് വരുമ്പോള്‍ സോയ ചങ്ക്‌സ് ഇട്ട് കൊടുത്ത് രണ്ടും കൂടി നന്നായി മിക്‌സ് ചെയ്ത് കൊടുക്കണം. ഇതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി വേവിച്ചെടുക്കാം. ഇനി ഇതിലേക്ക് നേരത്തെ വറുത്തു പൊടിച്ച മസാല കൂടി ചേര്‍ത്ത് കൊടുക്കാം. കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും കാല്‍ ടീസ്പൂണ്‍ കാശ്മീരി മുളക് പൊടിയും കൂടി ചേര്‍ത്ത് എല്ലാം കൂടി നല്ലപോലെ മിക്‌സ് ചെയ്തെടുക്കണം. ശേഷം ചെറിയ തീയില്‍ വച്ച് ഡ്രൈ ആവുന്നത് വരെ വയ്ക്കണം. സ്വാദിഷ്ടമായ സോയ ചങ്ക്‌സ് പെരട്ട് തയ്യാര്‍.