കോന്നി ഇളകൊള്ളൂരില്‍ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തില്‍ തീപടര്‍ന്നത് സ്വിച്ച് ബോര്‍ഡിന്റെ ഭാഗത്തു നിന്നെന്ന് ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദുരൂഹത തുടരുകയാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നാളെ വീട്ടിലെത്തി പരിശോധന നടത്തും. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇളകൊള്ളൂര്‍ ലക്ഷംവീട്ടില്‍ സോമന്റെയും വനജയുടെയും മകന്‍ മനോജ് (മഹേഷ് -40) ആണ് മരിച്ചത്. രാത്രി വീടിനു തീപടര്‍ന്നപ്പോള്‍ നാട്ടുകാരെത്തി വനജയെയും സോമനെയും രക്ഷപ്പെടുത്തിയിരുന്നു.
തീപടര്‍ന്നപ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലെന്നാണ് വനജ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ അഗ്‌നിരക്ഷാസേനയെത്തി തീയണച്ചപ്പോള്‍ മനോജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വനജ ഈ സമയം മദ്യലഹരിയിലായിരുന്നു. മദ്യലഹരിയില്‍ കുടുംബാഗങ്ങള്‍ തമ്മില്‍ സ്ഥിരം പ്രശ്ങ്ങളാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയും അമ്മയും അച്ഛനും മകനും വഴക്കിട്ടു. പിന്നീട് വീടിന് തീപിടിച്ചതാണ് കണ്ടെതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപിടുത്തമുണ്ടാകുന്നതിനു മുന്‍പ് മനോജിന്റെ അച്ഛന്‍ സോമന്‍ പുറത്തേക്ക് പോയിരുന്നു. അമ്മ വനജ പുറത്തിറങ്ങി നില്‍പ്പുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.
മദ്യലഹരിയില്‍ മനോജോ മറ്റ് കുടുംബാഗങ്ങളോ വീടിനു തീയിട്ടു അല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മനോജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണ്ണായകമാണ്. എട്ടുവര്‍ഷം മുമ്പാണ് വീട്ടില്‍ വനജയും ഭര്‍ത്താവ് സോമനും മകന്‍ മനോജും താമസമാക്കിയത്. വനജയുടെ സഹോദരന്‍ പ്രസാദിന്റേതാണ് കത്തിയ വീട്. 25 വര്‍ഷം മുമ്പ് പ്രസാദിന്റെ ഭാര്യ രമ ഈ വീട്ടില്‍വച്ച് തീകൊളുത്തിയശേഷം കിണറ്റില്‍ ചാടി മരിച്ചിരുന്നു. ഭാര്യയുടെ മരണത്തോടെ വീടുവിട്ടുപോയ പ്രസാദ് 5 വര്‍ഷം മുമ്പ് തൂങ്ങിമരിക്കുകയും ചെയ്തു. ആരോടും അടുപ്പം പുലര്‍ത്താത്ത പ്രകൃതക്കാരായിരുന്നു മനോജും കുടുംബവുമെന്നും നാട്ടുകാര്‍ പറയുന്നു.
STORY HIGHLIGHTS : mystery-surrounds-death-of-young-man-in-house-fire-at-konni