Kerala

ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസ്; എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ യോഗം ചേരും

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ അന്വേഷിക്കുന്ന സംഘം എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. ഷൈന്‍ ടോം നല്‍കിയ മൊഴി കമ്മീഷണറുടെ സാന്നിധ്യത്തില്‍ വിശദമായി പരിശോധിക്കും. ഷൈനെ രണ്ടാം ദിനം ചോദ്യം ചെയ്യാൻ എപ്പോൾ വിളിച്ചു വരുത്തണമെന്ന് ഇന്ന് തീരുമാനമെടുക്കും. നാളെ ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരുന്നെങ്കിലും മൊഴികൾ വിശദമായി പഠിക്കാൻ അന്വേഷണ സംഘത്തിന് സമയം കിട്ടിയിരുന്നില്ല. ഈ കാരണത്താലാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുന്നത്.

ഷൈനിന്‍റെ ഫോണ്‍ കോള്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം ചോദ്യം ചെയ്താല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. ചോദ്യം ചെയ്യലിനുള്ള പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു. സിനിമ മേഖലയിൽ പ്രമുഖർ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. പക്ഷെ പേര് തനിക്കും, മറ്റൊരു നടനും മാത്രമാണ്. സിനിമ അസിസ്റ്റൻസിൽ നിന്നാണ് ലഹരി ലഭിക്കുന്നത് എന്ന് ഷൈൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ചാണ് പൊലീസ് അന്വേഷണം. ലഹരി ഇടപാടുകൾ നൽകിയ സാമ്പത്തിക രേഖകൾ കണ്ടെത്തുകയാണ് ലക്ഷ്യം.

ബുധനാഴ്ച രാത്രി സ്വകാര്യ ഹോട്ടലില്‍ നർക്കോട്ടിക് സംഘം നടത്തിയ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയതാണ് കേസിന് ആധാരമായ സംഭവം. കേസിൽ, കുറച്ചുകൂടി കരുതലോടെ മുന്നോട്ടുപോകണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരക്കുപിടിച്ച് രണ്ടാഘട്ട ചോദ്യം ചെയ്യലിലേക്ക് കടക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.