കൊച്ചി: നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ നടപടികൾ വേഗത്തിലാക്കാൻ സിനിമാ സംഘടനകൾ. കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍. സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിന്‍റെ യോഗവും ഇന്ന് ചേരും. സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിൻസി നേരിട്ട ദുരനുഭവത്തിൽ ഇന്‍റേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാൻ ബാധ്യസ്ഥരാണ് സിനിമ സംഘടനകൾ.
അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ സിറ്റിങ് ഇന്നുണ്ടാകും. നടിയുടെ പരാതിയിൽ ഇന്ന് വിശദീകരണം നൽകാം എന്നായിരുന്നു ഷൈൻ മൂന്നംഗ സമിതിയെ അറിയിച്ചത്. വിനു മോഹൻ, അൻസിബ ഹസൻ, സരയു എന്നിവരാണ് സമിതി അംഗങ്ങൾ. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്‍റെ യോഗം. ഐസിയിൽ ഉയർന്നുവന്ന തീരുമാനങ്ങൾ അടക്കം ചേംബറിൽ ചർച്ചയാകും. അമ്മയും ഫെഫ്കയുമടക്കമുള്ളവരെ ചേംബര്‍ നടപടികൾ അറിയിക്കും.