എറണാകുളം: കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണുണ്ടായ അപകടത്തിൽ സംഘടകർക്കെതിരെ പോലീസ് കേസ് എടുത്തു. പരിപാടിക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചില്ലെന്ന് പോലീസ്. അനുമതി ഇല്ലാതെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റിനെ കുറിച്ച് പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസിന് റിപ്പോർട്ട് നൽകും.
ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് ഗ്യാലറി തകർന്ന് വീണത്. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം തുടങ്ങുന്നതിന് മുൻപായിരുന്നു അപകടം. അടിവാട് മാലിക് ദിനാർ ഗ്രൗണ്ടിൽ താൽക്കാലികമായി നിർമിച്ച ഗ്യാലറിയാണ് തകർന്നത്. അടിവാട് ഹീറോ യങ്‌സ് ക്ലബ്ബാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. അവധിദിനമായതിനാൽ മത്സരം കാണാൻ ഏറെപ്പേർ എത്തിയിരുന്നു.
പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂർണ്ണമായി ഏറ്റെടുക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പരുക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രി എത്തിക്കാൻ സാധിച്ചതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറം വ്യക്തമാക്കി.