Kerala

അമ്പലമുക്ക് വിനീത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും. തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. കേസിലെ ഏക പ്രതിയാണ് തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം സ്വദേശി രാജേന്ദ്രൻ. വിനീതയുടെ കഴുത്തിൽ ഉണ്ടായിരുന്ന നാലരപ്പവൻ സ്വർണമാല കവരാനായിരുന്നു ക്രൂരകൊലപാതകം.

കേസിൽ കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പ്രസൂൺ മോഹൻ കണ്ടെത്തിയിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ- ശാസ്ത്രീയ തെളിവുകൾ പ്രകാരമായിരുന്നു അന്വേഷണം.

118 സാക്ഷികളിൽ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ ദൃശ്യങ്ങൾ അടങ്ങിയ 12 പെൻഡ്രൈവുകൾ ഏഴ് യുഎസ്ബികൾ എന്നിവ ഹാജരാക്കി. ഇതുകൂടാതെ 222 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും മാനസികാവസ്ഥയും മനസിലാക്കാൻ കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കലക്ടർമാരുടേതടക്കം ഏഴ് റിപ്പോർട്ടുകളും തേടിയിരുന്നു.