കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം എന്‍എസ്ഇയില്‍ ആരംഭിച്ച 84 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളില്‍ 40 ശതമാനവും ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രോക്കിങ് പ്ലാറ്റ്ഫോമായ ഗ്രോ വഴിയായിരുന്നു. അക്കൗണ്ടുകളുടെ കാര്യത്തില്‍ 20.5 ശതമാനം വളര്‍ച്ച കൈവരിച്ച എന്‍എസ്ഇയില്‍ 4.92 കോടി സജീവ ഡീമാറ്റ് അക്കൗണ്ടുകളാണുള്ളത്. ഇതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വിധമാണ് ഗ്രോ പുതിയ അക്കൗണ്ടുകളുടെ ഗണ്യമായ ഭാഗം സംഭാവന ചെയ്തിരിക്കുന്നത്.
2024 മാര്‍ച്ചില്‍ 95 ലക്ഷമായിരുന്ന ഗ്രോയുടെ ഉപഭോക്തൃ നിര 2025 മാര്‍ച്ചില്‍ 1.29 കോടിയിലെത്തിയെന്ന് എന്‍എസ്ഇയുടെ ഡാറ്റ ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവില്‍ വിപണി വിഹിതം 23.28 ശതമാനത്തില്‍ നിന്ന് 26.26 ശതമാനമായി വര്‍ധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രോക്കറായ സെറോദ എന്‍എസ്ഇയുടെ ആകെ വളര്‍ച്ചയില്‍ 6.9 ശതമാനം സംഭാവന ചെയ്തു കൊണ്ട് 5.8 ലക്ഷം അക്കൗണ്ടുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൂട്ടിച്ചേര്‍ത്തത്.
2025 ജനുവരിയില്‍ എന്‍എസ്ഇ എക്കാലത്തേയും ഉയര്‍ന്ന നിലയായ 5.02 കോടി സജീവ ഡീമാറ്റ് അക്കൗണ്ടുകള്‍ എന്ന നിലയിലെത്തിയിരുന്നു. എന്നാല്‍ വിപണി ചാഞ്ചാട്ടങ്ങള്‍ മൂലം തുടര്‍ന്നുള്ള രണ്ടു മാസങ്ങളില്‍ ചെറിയ തോതിലെ ഇടിവും ഇതിലുണ്ടായി.
content highlight: Groww