കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഐറ്റം ഉണ്ടാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന പഴം നുറുക്കിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ഏത്തപ്പഴം – 3 വലുത്
- തേങ്ങ – ഒരു മുറി
- ശർക്കര – 200 ഗ്രാം
- നെയ്യ് – ഒരു ടീസ്പൂൺ
- ഏലക്കാപ്പൊടി – അരടീസ്പൂൺ
- ചുക്കുപൊടി – കാൽ ടീസ്പൂൺ
- ജീരകപ്പൊടി – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകിയതിൽ അരക്കപ്പ് വെള്ളമൊഴിച്ച് നന്നായി അരച്ച് തേങ്ങ പാൽ പിഴിഞ്ഞെടുക്കുക. ശർക്കര കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. ഏത്തപ്പഴം കഷ്ണങ്ങളാക്കി മുറിക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക. ഏത്തപ്പഴം നന്നായി വെന്തുകഴിയുമ്പോൾ ശർക്കര പാനി, നെയ്യ്, ഏലയ്‌ക്കാപ്പൊടി, ചുക്കുപൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക. ശർക്കരയും തേങ്ങാപ്പാലും വെന്തു കുറുകി ഏത്തപ്പഴത്തിൽ പൊതിഞ്ഞിരിക്കുന്ന പരുവം ആയാൽ സ്വാദൂറും പഴം നുറുക്ക് തയ്യാർ.