Kerala

കൊച്ചിയിൽ ചിത്രപ്രദർശനവുമായി ഗാലറി ജി | Gallery G

ഈ യാത്രാ പരമ്പരയിലെ ആദ്യ പ്രദർശനയിടമാണ് കൊച്ചി

കൊച്ചി: ബെംഗളൂരുവിലെ പ്രശസ്ത ആർട്ട് ഗാലറിയായ ‘ഗാലറി ജി’ ചിത്രപ്രദർശന പരമ്പരയായ “ഗാലറി ജി: ഓൺ ദി ഗോ” കൊച്ചിയിൽ വരുന്നു. ഗാലറി ജിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഗീതാഞ്ജലി മൈനി ക്യൂറേറ്റ് ചെയ്ത ഈ പരമ്പര, ഇന്ത്യൻ കലയെ ഭൂമിശാസ്ത്രപരവും ആശയപരവുമായ അതിരുകൾക്കപ്പുറത്തേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിടുന്ന പ്രദർശനമാണ്. ഈ യാത്രാ പരമ്പരയിലെ ആദ്യ പ്രദർശനയിടമാണ് കൊച്ചി.

ബി പ്രഭ, മനു പരേഖ്, ഭാരതി പ്രജാപതി, വി എസ് ഗൈതോണ്ടെ, ആർ ബി ഭാസ്കരൻ, വിപിൻ ടി പാലോത്ത്, പെരുമാൾ, പുഷ്പ ദ്രാവിഡ്, ഗണപതി ഹെഗ്‌ഡെ, സംഗീത അഭയ് എന്നീ കലാകാരന്മാരുടെ വൈവിധ്യമാർന്ന സൃഷ്ടികൾ ഉൾകൊള്ളുന്ന ഈ പ്രദർശനം കാഴ്ചക്കാർക്ക് ഇന്ത്യൻ കലയുടെ ആഴവും വൈവിധ്യവും അനുഭവിക്കാൻ ഉതകുന്നതാണ്.

വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ റിസോർട്ടിലെ രാജ വർമ്മ ഹാളിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം, ഇന്ത്യയുടെ കലാപരമായ പരിണാമത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം നൽകുന്ന ഒന്നായിരിക്കും. മെയ് 2 വെള്ളി ഉച്ചയ്ക്ക് 12 മുതൽ ആരംഭിച്ച് വൈകുന്നേരം 5 വരെയും മെയ് 3 ശനിയാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയും മെയ് 4 ഞായർ രാവിലെ 11 മുതൽ വൈകുന്നേരം 6 വരെയുമാണ് പ്രദർശന സമയം.

“നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറമുള്ള സഞ്ചാരമാണ് ‘ഓൺ ദി ഗോ’. ഞങ്ങളുടെ യാത്രയിൽ എപ്പോഴും ഭാഗമായിട്ടുള്ള പ്രേക്ഷകരിലേക്ക് ശ്രദ്ധാപൂർവ്വം ക്യൂറേറ്റ് ചെയ്ത പ്രദർശനങ്ങൾ എത്തിക്കുന്നതിനാണിത്.” ഗാലറി ജി സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഗീതാഞ്ജലി മൈനി പറഞ്ഞു.

പ്രദർശനത്തിനു പുറമേ, കലാ സമ്മേളനങ്ങളും സംവാദങ്ങളും പ്രത്യേക സായാഹ്ന സെഷനുകളും പരിപാടിയുടെ ഭാഗമായി നടക്കും. മെയ് 2ന്, പ്രശസ്ത കലാകാരനും ക്യൂറേറ്ററും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹസ്ഥാപകനുമായ റിയാസ് കോമു ‘മേക്കിംഗ് ആസ് തിങ്കിംഗ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വൈകുന്നേരം 6.30 മുതൽ രാത്രി 7.30 വരെ നടക്കുന്ന ഈ സെഷനിൽ, സമകാലിക കലാനിർമ്മാണത്തെ കൊച്ചി എങ്ങനെ പുനർനിർവചിച്ചു എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കും.

മെയ് 3ന് എഴുത്തുകാരനും ചരിത്രകാരനുമായ മനു എസ്. പിള്ള ‘കല ചരിത്രമായി: കലയിലൂടെ ഭൂതകാലത്തെ കണ്ടെത്തൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കല ഒരു ദൃശ്യ ശേഖരമായി എങ്ങനെ പ്രവർത്തിക്കുന്നു, ബ്രഷ്‌സ്ട്രോക്കുകൾ, കൊത്തുപണികൾ, രചനകൾ എന്നിവയിലൂടെ ചരിത്രത്തെ പകർത്തുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് സെഷനിൽ അദ്ദേഹം നേതൃത്വം നൽകും.

content highlight: Gallery G