ആശാസമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നടപടിയിലേക്ക് സമരസമിതി.കാസർകോട് മുതൽ തിരുവനന്തപുരം വരെ രാപകൽ യാത്രകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സമര സമിതി.മെയ് 5 മുതൽ കാസർകോട് നിന്നും ആരംഭിച്ച് ജൂൺ 17 തിരുവനന്തപുരത്ത് യാത്ര സമാപിക്കും. രണ്ടോ മൂന്നോ ദിവസങ്ങൾ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന ഈ സമരയാത്ര രാത്രികളിൽ സെക്രട്ടേറിയേറ്റിനു മുമ്പിലെ രാപകൽ സമരത്തിന് സമാനമായി തെരുവുകളിൽ തന്നെ അന്തിയുറങ്ങും. യാത്രയെ KAHWA ജനറൽ സെക്രട്ടറി എം എ ബിന്ദു ആയിരിക്കും നയിക്കുക. ലോക തൊഴിലാളി ദിനത്തിൽ യാത്ര സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ, അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് കൊണ്ടാണ് സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അധ്വാനിക്കുന്നവരുടെ അവകാശങ്ങൾ പ്രത്യേകിച്ച്, സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും സ്ഥാപിച്ചെടുക്കാൻ ജനാധിപത്യവിരുദ്ധ സംസ്കാരം പ്രകടിപ്പിക്കുന്ന ഒരു സർക്കാരിൻ്റെ മുമ്പിൽ നടത്തുന്ന ഈ സമരയാത്രയെ പൊതുസമൂഹം നിസ്സീമമായി സഹായിക്കും എന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് എം എ ബിന്ദു വ്യക്തമാക്കി.