സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം ഉറപ്പാക്കി, പട്ടിണിയും ജല ദൗര്‍ലഭ്യവും നേരിടാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. പള്ളിച്ചല്‍ വാര്‍ഡില്‍ പുതുതായി നിര്‍മിച്ച പൂവട വാട്ടര്‍ ടാങ്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പ്രവര്‍ത്തനങ്ങളില്‍ മറ്റെന്തിനെക്കാളും തനിക്ക് സംതൃപ്തി നല്‍കുന്നത് കുടിവെള്ള വിതരണ പദ്ധതികളാണ്. നാടിന്റെ ഉത്സവമായി ആഘോഷിക്കേണ്ട ചടങ്ങാണ് ഓരോ ജലവിതരണ പദ്ധതികളും. ഭക്ഷ്യ വിതരണത്തിലും ജലവിതരണത്തിലും മാത്രമല്ല, വിദ്യാഭ്യാസം, ശുചിത്വം, ഭവന നിര്‍മാണം തുടങ്ങി നിരവധി മേഖലകളില്‍ സര്‍ക്കാര്‍ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൂവട വാട്ടര്‍ ടാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, ബാലരാമപുരം പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനാകും. നബാര്‍ഡില്‍ നിന്നും 10.24 കോടി ചെലവില്‍ 8.7ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഭൂതല ജലസംഭരണിയാണ് നിര്‍മിച്ചിരിക്കുന്നത്.
ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാഘേഷ്, വൈസ് പ്രസിഡന്റ് വി.ശശികല, സെക്രട്ടറി കവിത .എം.കെ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
CONTENT HIGH LIGHTS;Drinking water will be ensured in all homes: Minister G.R. Anil inaugurated the water tank in Poovada