Kerala

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം;എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി

മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്തതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജി തള്ളി സുപ്രീം കോടതി.ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലേയെന്ന് സുപ്രിംകോടതി ചോദിച്ചു. ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നായിരിന്നി എൽസ്റ്റൺ എസ്റ്റേറ്റിന്റെ വാദം. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചാണ് ഭൂമി ഏറ്റെടുത്തതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് കനത്ത നഷ്ടപരിഹാര തുക ആവശ്യപ്പെട്ടുകൊണ്ടാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചത്. 1063 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. നേരത്തെ ഇവര്‍ ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത് 531 കോടി രൂപയും പലിശയുമായിരുന്നു.

എന്നാൽ 531 കോടി രൂപയും അത്രയും തുക നഷ്ടപരിഹാരവും ആയി 1063 കോടി രൂപയും അതിന്റെ പലിശയും വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ഭൂമിയുടെ ന്യായവില കണക്കാക്കുന്നതിനായി സര്‍ക്കാര്‍ തട്ടിപ്പുകാട്ടിയെന്നും ആകെ മൂല്യത്തിന്റെ 4 ശതമാനം മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയില്‍ പറഞ്ഞു.
മുണ്ടക്കൈ- ചൂരല്‍മല അതിജീവിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് എസ്റ്റേറ്റ് ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുവദിച്ചുകൊണ്ടുളള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം മുഴുവന്‍ നല്‍കുന്നതുവരെ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് തടയണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം
എന്നാൽ ആവശ്യങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നിൽ ഉന്നയിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് അപ്പീൽ സുപ്രീം കോടതി തള്ളിയത്. ഇതോടെ പുനരധിവാസ നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാം.