കൊച്ചി: രാജ്യത്ത് സുസ്ഥിര ചരക്കുഗതാഗത സൊലൂഷ്യനുകള്‍ മെച്ചപ്പെടുത്തുന്നതിനായി മോണ്ട്ര ഇലക്ട്രിക്കും മജന്ത മൊബിലിറ്റിയും ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു. മോണ്ട്ര ഇലക്ട്രിക്കിന്റെ എസ്സിവി വിഭാഗമായ ടിവോള്‍ട്ട് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാജു നായരും, മജെന്ത മൊബിലിറ്റിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാക്സണ്‍ ലൂയിസും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി എഫ്എംസിജി, ഗ്രോസറി, ഇ-കൊമേഴ്സ്, ടെലികോം ഓപ്പറേഷന് എന്നിവയുള്‍പ്പെടെ വിഭാഗത്തിലെ വൈവിധ്യമാര്‍ന്ന വിന്യാസത്തിനായി ടിവോള്‍ട്ട് ഇലക്ട്രിക് വെഹിക്കിള്‍സ് ഇവി ലോജിസ്റ്റിക്സിലെ മുന്‍നിരക്കാരായ മജന്ത മൊബിലിറ്റിക്ക് 100 എവിയേറ്റര്‍ ഇ350എല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യും. ഇത് മജന്ത മൊബിലിറ്റിയുടെ ഇടപാടുകാര്‍ക്ക് സുസ്ഥിരവും കാര്യക്ഷമവുമായ ചരക്കുനീക്ക സൊലൂഷ്യനുകള്‍ നല്‍കാനുള്ള ശേഷിയെ ഗണ്യമായി ശക്തിപ്പെടുത്തും.
മോണ്ട്ര ഇലക്ട്രിക്കും മജന്ത മൊബിലിറ്റിയും ചേര്‍ന്ന് നാലുചക്ര ചെറുകിട വാണിജ്യ വാഹന (ഇഎസ്സിവി) വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ത്വരിതപ്പെടുത്താനും ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നു. മോണ്ട്ര ഇലക്ട്രിക് അടുത്തിടെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പുറത്തിറക്കിയ എവിയേറ്റര്‍ ഇ350എല്‍ ഈ വിഭാഗത്തിലെ മികച്ച ഫീച്ചറുകള്‍ കൊണ്ടും, ഉയര്‍ന്ന പ്രകടനശേഷി കൊണ്ടും ശ്രദ്ധ നേടിയിരുന്നു. മജന്ത മൊബിലിറ്റിയുടെ ഇവി വാഹന നിരയ്ക്ക് അനുയോജ്യമായ സേവനങ്ങളും ചാര്‍ജിങും മോണ്ട്ര ലഭ്യമാക്കും. 3.5 ടണ്‍ സെഗ്മെന്റില്‍ ഇന്ത്യയിലെ ആദ്യ യഥാര്‍ഥ ഇവി അവതരണത്തിന് കൂടി ഈ പങ്കാളിത്തം സാക്ഷ്യം വഹിക്കും.
മജന്ത മൊബിലിറ്റിയുമായി കൈകോര്‍ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും, കൊമേഴ്സ്യല്‍ ലോജിസ്റ്റിക്സില്‍ വൈദ്യുതീകരണം വര്‍ധിപ്പിക്കാനുള്ള തങ്ങളുടെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സഹകരണം അടയാളപ്പെടുത്തുന്നതെന്നും ടിവോള്‍ട്ട് ഇലക്ട്രിക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാജു നായര്‍ പറഞ്ഞു. മോണ്ട്ര ഇലക്ട്രിക്കുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും, ഇന്ത്യയില്‍ സുസ്ഥിരവും കാര്യക്ഷമവുമായ ലോജിസ്റ്റിക്സിന് മജന്ത മൊബിലിറ്റി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും മജന്ത മൊബിലിറ്റി മാനേജിങ് ഡയറക്ടറും സിഇഒയുമായ മാക്സണ്‍ ലൂയിസ് പറഞ്ഞു.