ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഏപ്രിൽ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ശ്രീധർമ്മശാസ്താ ,ശ്രീ മഹാദേവ ക്ഷേത്രത്തിൽ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺ, ഗോപൻ ഗുരുവായൂർ,രാജ് മോഹൻ എന്നിവരും നിരവധിജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചു തുടങ്ങിയത്.
ജനുവരിയിൽ ആദ്യ ഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാക്കിയിരുന്നു
ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് ഗോപിയുടെ
കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കും കഴിഞ്ഞാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് തൊടുപുഴ,പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ചാർട്ടു ചെയ്തിരിക്കുന്നത്.
പിന്നീട് മലേഷ്യാ, മക്കൗ എന്നിവിടങ്ങളിൽ സിനിമയുടെ ചിത്രീകരണം ഉണ്ടാകും, ശ്രീ സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ ലഭ്യമാകുന്ന ഡേറ്റിനനുസരിച്ചു എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി അറിയിച്ചു.
മീനച്ചിൽ താലൂക്കിൽ ബിസിനസ് ,സാമൂഹ്യ, ആധ്യാത്മിക രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ഒറ്റക്കൊമ്പൻ്റെ ജീവിതമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. പുതിയ കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഏറെ ഉൾക്കൊണ്ടു കൊണ്ടാണ് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്.
വേഷത്തിലും, രൂപത്തിലുമെല്ലാം ഈ പുതുമ നിലനിർത്തിയിട്ടുണ്ട്.
മധ്യതിരുവതാംകൂറിൻ്റെ സാമൂഹ്യ, രാഷ്ട്രീയ, കച്ചവട രംഗങ്ങളുടെ ഒരു നേർക്കാഴ്ചയും ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നുണ്ട്. സുരേഷ് ഗോപി കടുവാക്കുന്നേൽ കുറുവച്ചനെ ഏറെ ഭദ്രമാക്കുമ്പോൾ ബോളിവുഡ്ഡിൽ നിന്നുൾപ്പടെ വലിയൊരു സംഘം അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇന്ദ്രജിത്ത്സുകുമാരൻ, ചെമ്പൻ വിനോദ്, ലാലു അലക്സ് വിജയരാഘവൻ, ജോണി ആൻ്റെണി ,ബിജു പപ്പൻ, മേഘനാ രാജ്, പുന്നപ്ര അപ്പച്ചൻ എന്നിവർ അക്കൂട്ടത്തിലെ പ്രധാനികളാണ്.
മാർക്കോ ഫെയിം കബീർദുഹാൻ സിംഗ് ഈ ചിത്രത്തില മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുപതിൽപ്പരം അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്.
ബോളിവുഡ്ഡിലെ ഒരു പ്രശസ്ത നടിയായിരിക്കും ഈ ചിത്രത്തിലെ നായിക. വലിയ മുതൽമുടക്കിൽ വലിയ ജനപങ്കാളിത്തത്തോടെ , ഒരു മാസ് ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഷിബിൻ ഫ്രാൻസിസിന്റേതാണു തിരക്കഥ, ഗാനങ്ങൾ- വിനായക് ശശികുമാർ, സംഗീതം – ഹർഷവർദ്ധൻ രാമേശ്വർ, ഛായാഗ്രഹണം – ഷാജികുമാർ, എഡിറ്റിംഗ് – ഷഫീഖ് വി.ബി,
കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – ഡിസൈൻ അനിഷ് തൊടുപുഴ., അക്ഷയ പ്രേംനാഥ് (സുരേഷ് ഗോപി), ക്രിയേറ്റീവ് ഡയറക്ടർ – സുധീർ മാഡിസൺ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ., ദീപക് നാരായണൻ, കോ-പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനക്കൽ, പി ആർ ഒ-വാഴൂർ ജോസ്.