World

മാർപാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ഔദ്യോഗിക ചടങ്ങ് ഇന്ന് രാത്രി വത്തിക്കാനിൽ | The official ceremony to confirm the Pope’s death will take place tonight at the Vatican

മൃതശരീരത്തിൽ നിന്ന് ഫിഷർമെൻസ് മോതിരവും സീലും നീക്കം ചെയ്യും

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് ഇന്ത്യൻ സമയം രാത്രി 11.30 യ്ക്ക് വത്തിക്കാനിൽ ആരംഭിക്കും. വത്തിക്കാൻ്റെ നിലവിലെ ആക്ടിങ് ഹെഡ് ക‍ർദിനാൾ കെവിൻ ഫാരലിൻ്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. തുട‍ർന്ന് പ്രത്യേകം സജ്ജീകരിച്ച മൃതദേഹ പേടകത്തിലേക്ക് പോപ്പിനെ മാറ്റും. മാർപാപ്പയുടെ വസതിയായ സാന്ത മാർത്ത ചാപ്പലിലാണ് ചടങ്ങുകൾ നടക്കുക. വത്തിക്കാനിലെ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരും പോപിൻ്റെ കുടുംബാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുക്കും. അതീവ സ്വകാര്യമായ ഒരു ചടങ്ങാണിത്. മരണം സ്ഥിരീകരിക്കുന്ന ചടങ്ങിൽ മാർപാപ്പയുടെ മാമ്മോദീസ പേര് വത്തിക്കാൻ്റെ ആക്ടിങ് ഹെഡായ കർദിനാൾ കെവിൻ ഫാരൽ മൂന്ന് തവണ വിളിക്കും. പ്രതികരിക്കാതിരുന്നാൽ മരിച്ചതായി സ്ഥിരീകരിക്കുമെന്നതാണ് റോമൻ പാരമ്പര്യം.

മരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ മൃതശരീരത്തിൽ നിന്ന് ഫിഷർമെൻസ് മോതിരവും സീലും നീക്കം ചെയ്യും. ഇതിലൂടെ പോപ്പിൻ്റെ ഭരണത്തിൻ്റെ അവസാനം അടയാളപ്പെടുത്തും.ഏപ്രിൽ 23 ബുധനാഴ്‌ച രാവിലെ ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് എത്തിക്കും. സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മാർപാപ്പമാരെ അടക്കം ചെയ്യാറുള്ളത്.ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർ‌പാപ്പ ഇന്ന് രാവിലെയാണ് കാലം ചെയ്തത്. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവിൽ ഈസ്റ്റർ ദിനത്തിലും മാ‍ർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു.

ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തൻ്റെ ഈസ്റ്റ‍ർ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ്പ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടർമാർ മാ‌ർപാപ്പയ്ക്ക് നിർദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്പ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികിൽ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

STORY HIGHLIGHTS :  The official ceremony to confirm the Pope’s death will take place tonight at the Vatican