കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മകനും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവുമായ സീഷാൻ സിദ്ദിഖിക്ക് വധഭീഷണി. ഇ-മെയിൽ വഴിയാണ് വധഭീഷണി ലഭിച്ചതെന്ന് മുംബൈ പൊലീസ് അറിയിച്ചു. അച്ഛൻ കൊല്ലപ്പെട്ടതുപോലെ തന്നെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. 10 കോടി രൂപയും ആവശ്യപ്പെട്ടു. മെയിൽ വഴി തനിക്ക് ഒരു ഭീഷണി സന്ദേശം ലഭിച്ചെന്നും 10 കോടി രൂപ ആവശ്യപ്പെട്ടതായും സീഷാൻ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം തങ്ങളുടെ കുടുംബം അസ്വസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മുതിർന്ന എൻസിപി നേതാവ് ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. സീഷന്റെ ബാന്ദ്ര ഈസ്റ്റിലെ ഓഫീസിന് സമീപമായിരുന്നു ആക്രമണം. ഓഫീസിൽ നിന്നിറങ്ങി കാർ പാർക്കു ചെയ്ത് ഖേർവാഡി ജംങ്ഷനിലേക്ക് നടക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ വന്ന അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
STORY HIGHLIGHTS : Baba Siddique’s son gets threat