അപൂർവ്വ രോഗം മഹാരാഷ്ട്രയിൽ ഭീതി പടർത്തുന്നു. കൂട്ട മുടികൊഴിച്ചിലിനു പിന്നാലെ കൂട്ട നഖംകൊഴിയലുണ്ടായ മഹാരാഷ്ട്രയിലെ ബുല്‍ധാനയിലേക്ക് കേന്ദ്രസംഘമെത്തുന്നു. ബുല്‍ധാന ജില്ലയിലെ നന്ദുര, ഷെഗാവ്, ഖാംഗാവ് താലൂക്കുകളിലാണ് മുടികൊഴിച്ചിലുണ്ടായവരുടെ നഖവും കൊഴിഞ്ഞുപോകുന്ന സംഭവമുണ്ടായത്. ഈ അസാധാരണ സംഭവം പഠിക്കാനാണ് കേന്ദ്രസംഘമെത്തുന്നത്. കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒന്‍പതംഗ സംഘം ജില്ലയിലെത്തുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളുകളില്‍ നിന്ന് ജില്ലാ ആരോഗ്യവകുപ്പില്‍ നിന്നും അധികൃതരെത്തി രക്തസാംപിളുകള്‍ ശേഖരിച്ചിരുന്നു.
2024 ഡിസംബര്‍ മുതലാണ് ജില്ലയിലെ പല ഗ്രാമങ്ങളിലും ജനങ്ങള്‍ക്ക് പെട്ടെന്ന് അസാധാരണമായ മുടികൊഴിച്ചില്‍ അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഗ്രാമങ്ങളിലെ ജനങ്ങളുടെ മുടി തൊട്ടാല്‍ കൊഴിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു. ഇതേ ഗ്രാമങ്ങളിലുളള മുപ്പതോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം നഖം കൊഴിഞ്ഞുപോകുന്ന അവസ്ഥയും കണ്ടെത്തിയത്. രക്തത്തില്‍ സെലീനിയത്തിന്റെ അളവ് കൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. നേരത്തെ റേഷന്‍കടകള്‍ വഴി വിതരണം ചെയ്ത ഗോതമ്പിലെ വലിയ തോതിലുളള സെലീനിയം അളവാണ് മുടികൊഴിച്ചിലിനു കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കൃത്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നഖങ്ങള്‍ ആദ്യം വെളുത്ത നിറമായും പിന്നീട് കറുപ്പ് കലര്‍ന്ന് കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് നിലവില്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. കടുത്ത മുടികൊഴിച്ചില്‍ അനുഭവപ്പെട്ടവരില്‍ തന്നെയാണ് നഖം കൊഴിയുന്ന അവസ്ഥയും. സെലീനിയത്തിന്റെ അളവ് കൂടിയാല്‍ അത് തലമുടിയും നഖവും സംരക്ഷിക്കുന്ന കെരാറ്റിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റംവരുത്തുകയും ഇത്തരം രോഗാവസ്ഥകളുണ്ടാകുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
STORY HIGHLIGHTS: central govt team to visit buldhana and meet hair and nail lost villagers