India

ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബില്ലുകളില്‍ തീരുമാനമെടുക്കാത്തതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജിയില്‍ നേരത്തെ ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുപ്രീംകോടതി നോട്ടീസയച്ചിരുന്നു.

നിയമസഭ പാസാക്കിയ നാല് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാവിരുദ്ധമാണെന്നാണ് കേരളത്തിന്റെ വാദം. അനുമതി നിഷേധിച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും രേഖപ്പെടുത്തിയത് എന്താണെന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേരള സര്‍ക്കാരും ടി പി രാമകൃഷണന്‍ എംഎല്‍എയുമാണ് ഹര്‍ജി നല്‍കിയത്.

ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന് മുന്‍പാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കുക.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹര്‍ജി നല്‍കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം.