പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിന് ഇന്ന് തുടക്കം. ആറു വർഷത്തിനു ശേഷം സൗദിയിൽ എത്തുന്ന മോദിയെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ജിദ്ദയിൽ സ്വീകരിക്കും.
2 ദിവസത്തെ സന്ദർശനത്തിനിടെ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണത്തിൽ പങ്കെടുക്കുന്ന മോദി വ്യവസായ പ്രമുഖരുമായും ചർച്ച നടത്തും. ജിദ്ദയിലെ ഈന്തപ്പഴ ഫാക്ടറിയും സന്ദർശിക്കും. നാളെ നടക്കുന്ന ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്നർഷിപ് കൗൺസിലിന്റെ രണ്ടാമത് യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
വിദേശകാര്യ മന്ത്രി ഡോ. എസ്.ജയ്ശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഉൾപ്പെടെ 11 അംഗ സംഘം പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
പ്രതിരോധം, ഊർജം, വ്യാപാരം, നിക്ഷേപം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതും ഇന്ത്യ–മിഡിൽ ഈസ്റ്റ്–യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യും.
പശ്ചിമേഷ്യയിലെ സവിശേഷ രാഷ്ട്രീയ സാഹചര്യം, ഇസ്രയേൽ–പലസ്തീൻ, റഷ്യ-യുക്രെയ്ൻ സംഘർഷം, യെമൻ പ്രതിസന്ധി എന്നിവയും സ്വകാര്യ ഹജ് ക്വോട്ട വെട്ടിക്കുറച്ചതും ചർച്ച ചെയ്തേക്കും.