കോളേജ് വിദ്യാഭ്യാസം ഇല്ലാതെ തന്നെ പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസ സമയത്ത് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലുവർഷം കോളജ് വിദ്യാഭ്യാസം നേടുന്നതിലൂടെ ആയുർവേദത്തിലെ എല്ലാ കാര്യങ്ങളും പഠിച്ചെന്നുള്ള ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ആയുർവേദ ചികിത്സ നൽകുന്നവരിൽ പലരും കോളജുകളിൽ പോയി ആധുനിക വിദ്യാഭ്യാസം നേടിയവരല്ല മറിച്ച് ആ അറിവ് അവർ പാരമ്പര്യമായി സ്വായത്തമാക്കിയതാണ്. അതുകൊണ്ടുതന്നെ അസാമാന്യ വൈഭവമുള്ള ആയുർവേദ പണ്ഡിതർ നമ്മുടെ നാട്ടിലുണ്ട്. അവരെ വ്യാജവൈദ്യന്മാരായി ചിത്രീകരിക്കുന്ന രീതി തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസ സമയത്ത് തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം അറിവുകൾ നാളേക്ക് വേണ്ടി സംരക്ഷിക്കേണ്ടതുണ്ട്. അതിനുള്ള പ്രത്യേക നിയമനിർമ്മാണം ആവശ്യമാണ്. അത്തരം അറിവുകൾ ചോർന്നു പോകാതെ സംരക്ഷിക്കാനാണ് നമ്മുടെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.