നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരിക്കേസിൽ പൊലീസ് കൂടുതൽ പേരുടെ മൊഴിയെടുക്കും. ഷൈനെ ബൈക്കിൽ മറ്റൊരു ഹോട്ടലിൽ എത്തിച്ച യുവാവിന്റെ അടക്കം മൊഴി എടുക്കും. സംശയാസ്പദമായി ബാങ്ക് ഇടപാടുകൾ നടത്തിയവരോടും വിവരങ്ങൾ തേടും. എഫ്ഐആർ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഷൈൻ ലഹരി ഉപയോഗിക്കുമെന്ന് സമ്മതിച്ചെങ്കിൽ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷമേ കൂടുതൽ വകുപ്പ് ചുമത്തുന്നതിൽ തീരുമാനം എടുക്കൂ.
ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയതിൽ ഷൈൻ നൽകിയ വിശദീകരണത്തിൽ പൊലീസിന് തൃപ്തിയില്ല. ഷൈൻ ടോം ചാക്കോ നൽകിയ മൊഴികളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം വീണ്ടും നടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് പൊലീസ് ആലോചന.