Tech

ലാപ്ടോപ് വിപണിയിലേക്ക് മോട്ടറോള; ആദ്യ മോഡൽ മോട്ടറോള ബുക്ക് 60 വിപണിയിൽ | Motorola Book 60

32GB വരെ DDR5 റാമും 1TB വരെ PCIe 4.0 SSD സ്റ്റോറേജും ലഭിക്കും

ലാപ്പ്ടോപ്പ് നിർമാണ രം​ഗത്തേക്ക് കാലെടുത്തു വെച്ച് പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ മോട്ടറോള.  ആദ്യത്തെ ലാപ്‌ടോപ്പായ മോട്ടറോള ബുക്ക് 60 കമ്പനി പുറത്തിറക്കി. അടുത്ത ആഴ്ച മുതൽ ലാപ്പടോപ്പ് ഇന്ത്യയിൽ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി.

മോട്ടോ ബുക്ക് 60 ലാപ്ടോപ്പിൽ തെളിച്ചമുള്ള ദൃശ്യങ്ങൾ പ്രദാനം ചെയ്യുന്ന 2.8K റെസല്യൂഷനുള്ള 14 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഉള്ളത്. 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 60Wh ബാറ്ററിയാണ് ലാപ്ടോപിന്റെ പ്രത്യേകത. ഇന്റൽ കോർ 7 240H പ്രോസസർ, 32GB വരെ റാം, 1TB വരെ സ്റ്റോറേജ് എന്നിവ ഉപയോഗിച്ച് ലാപ്‌ടോപ്പ് കോൺഫിഗർ ചെയ്യാൻ കഴിയും. ഇത് ഇന്റൽ കോർ 7 240H അല്ലെങ്കിൽ ഇന്റൽ കോർ 5 210H പ്രോസസറിൽ ലഭ്യമാണ്, കൂടാതെ ഇന്റഗ്രേറ്റഡ് ഇന്റൽ ഗ്രാഫിക്സും ഉപയോഗിക്കുന്നു.

32GB വരെ DDR5 റാമും 1TB വരെ PCIe 4.0 SSD സ്റ്റോറേജും ലഭിക്കും. മോട്ടോ ബുക്ക് 60 ലാപ്ടോപ്പിൽ പ്രൈവസി ഷട്ടറുള്ള 1080p വെബ്‌ക്യാമും വിൻഡോസ് ഹലോ ഫേസ് റെക്കഗ്നിഷനുള്ള IR ക്യാമറയും ഉണ്ട്. ഇതിന് മിലിട്ടറി-ഗ്രേഡ് (MIL-STD-810H) ഡ്യൂറബിലിറ്റി ഉണ്ട്. ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്ക്കുന്ന മൊത്തം 2W ഔട്ട്‌പുട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ലാപ്‌ടോപ്പിലുണ്ട്. മോട്ടോ ബുക്ക് 60 ബ്രോൺസ് ഗ്രീൻ, വെഡ്ജ് വുഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ലഭ്യമാകുക.

16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള, ഇന്റൽ കോർ 5 സീരീസ് പ്രോസസർ ഉള്ള മോട്ടോ ബുക്ക് 60 ലാപ്‌ടോപ്പിന്റെ വില 69,999 രൂപയാണ്. പ്രത്യേക ലോഞ്ച് ഓഫറായി ഇത് 61,999 രൂപയ്ക്ക് ലഭ്യമാകും. ഇന്റൽ കോർ 7 സീരീസ് പ്രോസസറുകളുള്ള രണ്ട് മോഡലുകളും ഉണ്ട് – 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 74,990 രൂപയും, 16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള മറ്റൊരു മോഡലിന് 78,990 രൂപയുമാണു വില. ലോഞ്ച് സമയത്ത്, ഈ രണ്ട് മോഡലുകളും 73,999 രൂപയെന്ന ഡിസ്കൗണ്ട് വിലയ്ക്ക് വാങ്ങാം. മോട്ടറോളയുടെ ആദ്യ ലാപ്‌ടോപ്പായ ഇത് ഏപ്രിൽ 23-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തും.

content highlight: Motorola Book 60