കർണാടക മുൻ ഡി.ജി.പിയെ കൊല ചെയ്ത ഭാര്യ കഴുത്തിന് സമീപം ഞരമ്പുകളും രക്തക്കുഴലുകളും മുറിഞ്ഞാൽ ഒരാൾ എങ്ങനെ മരിക്കുമെന്ന് ഗൂഗിളിൽ ഗവേഷണം നടത്തിയതായി വൃത്തങ്ങൾ പറയുന്നു. കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് ഭാര്യ പല്ലവി വിവരങ്ങൾക്കായി ഗൂഗിളിൽ തിരയുകയായിരുന്നു എന്നാണ് അറിയാൻ കഴയുന്നത്.
ഞായറാഴ്ച വൈകുന്നേരമാണ് ബെംഗളൂരുവിലെ വസതിയിൽ ഓം പ്രകാശിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഭാര്യ പല്ലവിയെയും ദമ്പതികളുടെ മകൾ കൃതിയെയും കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പല്ലവിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൃതിയെ മാനസിക പരിശോധനയ്ക്കായി നിംഹാൻസിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരം പോലീസ് പല്ലവിയെ ഇൻക്വസ്റ്റിനായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ചോദ്യം ചെയ്തപ്പോൾ അവർ ഗാർഹിക പീഡനം എന്ന് മറുപടി പറയുന്നത് കേട്ടതായി വൃത്തങ്ങൾ അറിയിച്ചു.
ഭർത്താവിനെ കുത്തുന്നതിന് മുമ്പ്, തന്നെ സ്വന്തം വീട്ടിൽ ബന്ദിയാക്കി വച്ചിരിക്കുകയാണെന്നും നിരന്തര നിരീക്ഷണത്തിലാണെന്നും അവകാശപ്പെട്ട് പല്ലവി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പങ്കിട്ടതായി റിപ്പോർട്ടുണ്ട്. ഈ സന്ദേശങ്ങളിൽ, ആവർത്തിച്ച് വിഷം കഴിച്ചതായി ആരോപിക്കുകയും മകളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതക കേസ് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ സെൻട്രൽ ക്രൈം ബ്രാഞ്ചിന് (സിസിബി) കൈമാറി. സിസിബി ഇന്ന് അന്വേഷണം ഔദ്യോഗികമായി ഏറ്റെടുക്കും.