Kerala

അന്വേഷണം വേ​ഗത്തിലാക്കും; ഷൈനിന് എതിരായ ലഹരിക്കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്

 

ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലന്ന് പൊലീസ്. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. രാസ ലഹരി പരിശോധനാഫലം വേഗത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിലെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പൊലീസിനുള്ളിൽ ആശയക്കുഴപ്പമില്ലെന്ന് വ്യക്തമാക്കി കൊച്ചി ഡിസിപി അശ്വതി ജിജി. ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് ഷൈൻ തന്നെ സമ്മതിച്ചിട്ടുണ്ട്. ലഹരി ഉപയോ​ഗത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും എസിപി വ്യക്തമാക്കി. കേസെടുത്തതിന് പിന്നാലെ തെളിവുകൾ ശേഖരിച്ച് വരികയാണ്. ഷൈൻ ടോം ചാക്കോയുടെ ലഹരി ഇടപാടുകൾ പരിശോധിച്ച് വരികയാണെന്നും എസിപി അറിയിച്ചു. കേസിൽ കോൾ റെക്കോർഡുകളും ബാങ്ക് ഇടപാടുകളും നിർണായകമാണെന്നും എസിപി വ്യക്തമാക്കി. ലഹരി ഇടപാടുകാരൻ സജീറിനായി അന്വേഷണം തുടരുകയാണെന്നും ഡിസിപി അശ്വതി ജിജി അറിയിച്ചു.
ഷൈൻ ടോം ചാക്കോക്കെതിരായ എഫ്ഐആർ കോടതിയിൽ നിലനിൽക്കുമോ നിയമവിദഗ്ധർ അടക്കമുള്ളവർ ആശങ്കയുയർത്തിയിരുന്നു. ഇതിലാണ് പൊലീസിന്റെ മറുപടി. എൻഡിപിഎസ് ആക്ട 27 പ്രകാരമാണ് കേസ്. ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ മൊഴി നൽകിയ പശ്ചാത്തലത്തിൽ ഈ വകുപ്പ് നിലനിൽക്കും എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാസ ലഹരി പരിശോധന ഫലവും നിർണായകമാകും. കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഷൈനെ ബൈക്കിൽ മറ്റൊരു ഹോട്ടലിൽ എത്തിച്ച യുവാവിന്റെ അടക്കം മൊഴി എടുക്കും. സംശയാസ്പദമായി ബാങ്ക് ഇടപാടുകൾ നടത്തിയവരോടും വിവരങ്ങൾ തേടും.
കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഡാൻസാഫ് പരിശോധനയ്ക്കെത്തിയപ്പോൾ ഓടി രക്ഷപെട്ട ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ഷൈൻ ടോം ചാക്കോയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയിച്ചിരുന്നു. രണ്ടുപേരുടെ ആൾജാമ്യത്തിലായിരുന്നു ഷൈനെ വിട്ടയച്ചത്. നിലവിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ആറ് മാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എൻഡിപിഎസ് നിയമത്തിലെ 27-ബി(ലഹരി ഉപയോഗം), 29-ബി(ലഹരി ഉപയോഗത്തിനായുള്ള ക്രിമിനൽ ഗൂഡാലോചന), എൻഎസ് നിയമത്തിലെ 238(തെളിവ് നശിപ്പിക്കൽ) വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ‘ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിന് വേണ്ടിയാണെന്ന്’ ചോദ്യം ചെയ്യലിൽ ഷൈൻ മൊഴി നൽകിയിരുന്നു. ആരെയും ലഹരി ഉപയോ​ഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞിരുന്നു.