Crime

കോട്ടയത്തെ ഇരട്ട കൊലപാതകം; വീട്ട് ജോലിക്കാരനായിരുന്ന ആസാം സ്വദേശി പിടിയിൽ

തിരുവാതുക്കല്‍ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ആസാം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു. മുൻപ് ഇവരുടെ വീട്ടിൽ. ജോലി ചെയ്തിരുന്ന അമിത്തിനെയാണ് കസ്റ്റഡിയിൽ എടുത്തത്. അന്വേഷണത്തിന്റെ ആദ്യം മുതൽ തന്നെ ഇയാളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതില്‍ സ്ഥിരീകരണം ഇല്ല.
ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ ഇരുമുറികളായി കണ്ടെത്തിയത്. ജോലിക്കാരിയുടെ മൊഴിയെടുക്കുകയാണ്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ചാണോ പ്രതി കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. വീട്ടിലെയും സമീപത്തെയും സിസിടിവി ഫൂട്ടേജുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. എന്നാൽ ഹാർഡ് ഡിസ്കുകള്‍ പലതും കാണാനില്ല. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.