Kerala

സംഘർഷം മനപ്പൂർവം; മുതലപ്പൊഴിയിൽ ചിലർ മുതലെടുപ്പ് നടത്തുന്നെന്ന് വി ശിവൻകുട്ടി

 

മുതലപ്പൊഴി വിഷയത്തിൽ ചിലർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നെന്ന് ആരോപിച്ച് മന്ത്രി വി. ശിവൻകുട്ടി.വി.ശശി എംഎൽഎയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തെ ജനാധിപത്യവിരുദ്ധ നടപടിയെന്ന് മന്ത്രി കുറ്റപ്പെടുത്തി. മനപൂർവ്വം സംഘർഷം ഉണ്ടാക്കാനാണ് ഓഫീസ് അടിച്ചു തകർത്തത്, മുതലപ്പൊഴിയിൽ പ്രശ്നപരിഹാരത്തിന് ആശ്രാന്ത പരിശ്രമം നടത്തിയ എംഎൽഎയാണ് വി ശശി. ഓഫീസ് അടിച്ചു തകർത്തവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇന്നലെ വൈകുന്നേരം തന്നെ പൊഴിമുറിക്കൽ നടപടി ആരംഭിച്ചിരുന്നെങ്കിലും ഇന്ന് രാവിലെയാണ് പൂർണ്ണസജ്ജമായത്. സമരസമിതിയുടെ കൂടി പിന്തുണയോടെയാണ് പൊഴിമുറിക്കൽ നടപടി. മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലും ആണ് പൊഴി മുറിക്കുക. 3 ഹിറ്റാച്ചികളാണ് ഒരേസമയം ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. സമാന്തരമായി മണൽ നീക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 14 ദിവസമായി കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികളും പ്രതീക്ഷയിലാണ്.