സുപ്രീം കോടതിക്കെതിരെ പരോക്ഷ വിമർശനവുമായി വീണ്ടും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രംഗത്ത്.ഡൽഹി സർവകലാശാലയിൽ സംസാരിക്കവെ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലിനെക്കുറിച്ച് സംസാരിച്ചത്.
ഭരണഘടന എന്തായിരിക്കുമെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരിക്കും, അതിന് മുകളിൽ ഒരു അധികാരവും ഉണ്ടായിരിക്കില്ല. പാർലമെന്റാണ് പരമോന്നത” ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ചർച്ചകൾക്കിടയിൽ അദ്ദേഹം പറഞ്ഞു.. തന്‍റെ വാക്കുകൾ രാജ്യതാൽപര്യം സംരക്ഷിക്കാനാണെന്നും ധൻകർ കൂട്ടിചേർത്തു. ബില്ലുകൾ പാസാക്കുന്നതിന് ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി നടപടിക്കെതിരെ നേരത്തെയും ഉപരാഷ്ട്രപതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സുപ്രീം കോടതി അതിന്റെ അധികാരപരിധി ലംഘിച്ചുവെന്നും എക്സിക്യൂട്ടീവിന്റെ അധികാരപരിധിയിൽ കടന്നുകയറിയെന്നും നിരവധി ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാക്കളും ഉപരാഷ്ട്രപതിയും അടുത്തിടെ ആരോപിച്ചിരുന്നു.
പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ, ബിജെപി നേതാക്കളിൽ ഒരു വിഭാഗം ജുഡീഷ്യൽ അതിരുകടന്നുവെന്ന ആരോപണത്തെക്കുറിച്ച് സുപ്രീം കോടതി പരാമർശം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ധൻഖറിന്റെ പുതിയ വിമർശനം.
ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു, “ഇത് നടപ്പാക്കാൻ രാഷ്ട്രപതിക്ക് ഒരു മാൻഡമസ് റിട്ട് പുറപ്പെടുവിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇപ്പോൾ, എക്സിക്യൂട്ടീവ് അധികാരത്തിൽ (ഡൊമെയ്ൻ) കടന്നുകയറ്റം നടത്തിയെന്ന ആരോപണം ഞങ്ങൾ നേരിടുന്നു.”
ഒരു സംസ്ഥാനം പാസാക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചതിന് സുപ്രീം കോടതിയെ വ്യാഴാഴ്ച നേരത്തെ ഉപരാഷ്ട്രപതി വിമർശിച്ചിരുന്നു.