ഇനി റോഡുകൾ സംഗീതമയാകും.. ഹോണടിക്ക് പകരം നല്ല ഓടക്കുഴൽ നാദം കേട്ടാലോ.. അതെ അങ്ങനെയൊരു മാറ്റത്തിന് ഒരുങ്ങുകയാണ് നമ്മുടെ നിരത്തുകൾ. വാഹനങ്ങളുടെ ഹോണായി ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന ഒരു നിയമം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് അറിയിച്ചത്. സംഭവം ഇപ്പോൾ വാർത്തകളിൽ ചൂട് പിടിക്കുകയാണ്.
ഓടക്കുഴൽ, തബല, വയലിൻ, ഹാർമോണിയം എന്നിവയുടെ ശബ്ദങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ ഹോണുകൾ കൂടുതൽ മനോഹരമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഗഡ്കരി ഒരു പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.
രാജ്യത്തെ വായു മലിനീകരണത്തിന്റെ 40% ത്തിനും ഗതാഗത മേഖലയാണ് ഉത്തരവാദിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇതിനെ ചെറുക്കുന്നതിനായി, വാഹനങ്ങളിൽ മെഥനോൾ, എത്തനോൾ പോലുള്ള പച്ച ഇന്ധനങ്ങളും ജൈവ ഇന്ധനങ്ങളും ഉപയോഗിക്കുന്നതിനെ മോദി സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുന്നു
വാഹന ഹോണുകളില്‍ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്‍ദം സന്നിവേശിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി ഇങ്ങനൊരു നീക്കം നടത്തുന്നതായി കഴിഞ്ഞ കുറച്ചുകാലമായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ ഇക്കാര്യം വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് നിതിൻ ഗഡ്കരി.
















