കോട്ടയം തിരുവാക്കുക്കലിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മകന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി ഒരു മാസം തികയുമ്പോഴാണ് കോട്ടയത്ത് മാതാപിതാക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് കോട്ടയത്ത് തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ഏഴുവർഷം മുമ്പാണ് വിജയകുമാറിന്‍റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഗൗതമിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്.
2017 ജൂൺ 3 നാണ് മകന്‍റെ മരണം. വിജയകുമാറിന്‍റെ മകൻ ഗൗതമിന്‍റെ മരണത്തിൽ കഴിഞ്ഞ മാസം 21നാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിബിഐ എഫ്ഐആറിട്ട് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ദമ്പതികളുടെ കൊലപാതകം.