എയർടെല്ലും വോഡഫോണുമെല്ലാം അരങ്ങ് വാണ കാലത്താണ് വമ്പൻ ഓഫറുമായി ജിയോ എത്തുന്നത്. എന്നാൽ ഇപ്പോൾ ജിയോയെ കടത്തിവെട്ടിയിരിക്കുകയാണ് എയർടെൽ.ഇക്കഴിഞ്ഞ ജനുവരിയിൽ എയർടെൽ കൂടുതൽ ഉപയോക്താക്കളെ നേടിയതായി ട്രായ് റിപ്പോർട്ട് പറയുന്നു. സമാന കാലയളവിൽ ബി.എസ്.എൻ.എൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഭാരതി എയർടെൽ മാത്രമല്ല, റിലയൻസ് ജിയോയ്ക്കും നേട്ടമുണ്ടായിട്ടുണ്ട്. 2025 ജനുവരിയിൽ എയർടെല്ലിന് 16.5 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ലഭിച്ചത്. 6.86 ലക്ഷം പുതിയ ഉപയോക്താക്കളെ നേടി രണ്ടാമതാണ് ജിയോയുടെ സ്ഥാനം. ഇതേ കാലയളവിൽ വോഡഫോൺ ഐഡിയയ്ക്ക് 13.4 ലക്ഷം ഉപയോക്താക്കളെയും, ബി.എസ്.എൻ.എല്ലിന് 1.52 ലക്ഷം കസ്റ്റമേഴ്സിനെയും നഷ്ടപ്പെടുകയാണുണ്ടായത്.
2024 ഡിസംബറിൽ ആകെ ബ്രോഡ്ബാൻഡ് സബ്സ്ക്രൈബൈഴ്സിന്റെ എണ്ണം 9,449.6 ലക്ഷം ആയിരുന്നത് 2025 ജനുവരിയിൽ 9,451.6 ലക്ഷമായി 0.4% ഉയർച്ച നേടി. വയർലെസ് ബ്രോഡ്ബാൻഡ് വിപണിയിൽ ജിയോ ആധിപത്യം തുടരുന്ന കാഴ്ച്ചയാണുള്ളത്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബി.എസ്.എൻ.എൽ, ഇൻടെക് ഓൺലൈൻ എന്നീ കമ്പനികളാണ് പിന്നീടുള്ള സ്ഥാനങ്ങളിലുള്ളത്. ഈ അഞ്ച് കമ്പനികളും കൂടി ഇന്ത്യയിലെ വയർലെസ് ബ്രോഡ്ബാൻഡ് വിപണിയുടെ 99.98 ശതമാനവും കയ്യടക്കിയിരിക്കുന്നു.
ജനുവരിയിൽ വോഡഫോൺ ഐഡിയയുടെ ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 12.64 കോടിയായിരുന്നു. അതേ സമയം 2024 ഡിസംബറിൽ ബി.എസ്.എൻ.എല്ലിന് 3.16 കോടി ഉപയോക്താക്കളുണ്ടായിരുന്നത് ജനുവരിയിൽ 3.15 കോടിയായി കുറഞ്ഞു. ഇൻടെക് ഓൺലൈനിന് 0.89 ലക്ഷം കസ്റ്റമേഴ്സാണുള്ളത്
2024 ഡിസംബറിൽ ഇന്ത്യയിലെ ആകെ വയർലെസ് സബ്സ്ക്രൈബർ ബേസ് 115.07 കോടിയായിരുന്നു. 2025 ജനുവരിയിൽ ഇത് 115.13 കോടിയായി വർധിച്ചു. ഇത്തരത്തിൽ പ്രതിമാസ അടിസ്ഥാനത്തിൽ 0.05% ഉയർച്ചയാണുണ്ടായത്. സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയർടെൽ,വി.ഐ എന്നീ കമ്പനികൾക്ക് ആകെ 91.96% വിപണി വിഹിതമാണുള്ളത്. ബി.എസ്.എൻ.എൽ, മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് എന്നീ രണ്ട് കമ്പനികൾക്കും കൂടി 8.04% വിപണി വിഹിതമാണുള്ളത്.