India

‘ഇത് മോദിയോട് പോയി പറയൂ’; അക്രമികൾ പറഞ്ഞത് ഓര്‍ത്തെടുത്ത് കർണ്ണാടക സ്വദേശി! | go-tell-this-to-modi-pahalgam-attacker-said-after-killing-my-husband

അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി തോന്നുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ കര്‍ണാടക സ്വദേശിയുമുൾപ്പെട്ടതായി സ്ഥിരീകരണം. ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവു ആണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കുന്നതിനായാണ് മഞ്ജുനാഥും കുടുംബവും കശ്മീരിലെത്തിയത്. ആക്രമണം നേരിട്ട നിമിഷങ്ങള്‍ ഭാര്യ പല്ലവി പറയുന്നത് ഇങ്ങനെ: ‘ഞങ്ങള്‍ മൂന്ന് പേര്‍ – ഞാനും എന്റെ ഭര്‍ത്താവും മകനും കശ്മീരിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് ആക്രമം ഉണ്ടായത്. ആ സമയത്ത് ഞങ്ങള്‍ പഹല്‍ഗാമിലായിരുന്നു. എന്റെ കണ്‍മുന്നില്‍ വെച്ച് അദ്ദേഹത്തിന് വെടിയേറ്റു. സംഭവസ്ഥലത്ത് തന്നെ മരിച്ചു,’ പല്ലവി പറഞ്ഞു.

നാട്ടുകാരാണ് തങ്ങളെ സഹായിച്ചതെന്നും പല്ലവി പറയുന്നു. അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി തോന്നുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘മൂന്നോ നാലോ പേര്‍ ഞങ്ങളെ ആക്രമിച്ചു. ഞാന്‍ അവരോട് പറഞ്ഞു; എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നു. നിങ്ങള്‍ എന്നെയും കൊല്ലൂ, അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു, ‘ഞാന്‍ നിങ്ങളെ കൊല്ലില്ല. പോയി മോദിയോട് ഇത് പറയൂ’. പല്ലവി പറഞ്ഞു. ഭര്‍ത്താവിന്റെ മൃതദേഹം എത്രയും വേഗം ശിവമോഗയിലേക്ക് കൊണ്ടുവരണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മഞ്ജുനാഥ്, ഭാര്യപല്ലവി, മകന്‍ എന്നിവര്‍ നാലുദിവസം മുന്‍പാണ് കശ്മിരിലേക്ക് യാത്ര പോയത്. ഇന്ന് രാവിലെ പഹല്‍ഗാമിലെത്തിയ വിവരം ബന്ധുക്കുളെയും സുഹൃത്തുക്കളെയും വിളിച്ച് അറിയിച്ചിരുന്നു. ജമ്മുവിലുള്ള ഇയാളുടെ കുടുംബം സുരക്ഷിതരാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഉച്ചയോടെ കുടുംബം ട്രക്കിങ് നടത്തി താഴ് വരയില്‍ ഇരിക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. മഞ്ജുനാഥിന്റെ തലയിലാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. തല്‍ക്ഷണം തന്നെ മഞ്ജുനാഥ് മരിച്ചു. പഹല്‍ഗാമില്‍ കര്‍ണാടകയില്‍ നിന്നുള്ള പന്ത്രണ്ട് പേരുള്ളതായാണ് സര്‍ക്കാരിന് വിവരം ലഭിച്ചത്. റിയല്‍ എസ്റ്റേറ്റ് വ്യവസായി ആണ് മരിച്ചത്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഭീകരാക്രമണത്തെ അപലപിച്ചു, ‘ഈ ഞെട്ടിക്കുന്ന സംഭവത്തില്‍ ഇരയായവരില്‍ കര്‍ണാടക സ്വദേശികളും ഉള്‍പ്പെടുന്നു. വിവരം അറിഞ്ഞ ഉടനെ, അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായും ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണറുമായും സംസാരിച്ചതായും’- സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു അതേസമയം. വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരുക്കേറ്റത്. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്.

STORY HIGHLIGHTS : go-tell-this-to-modi-pahalgam-attacker-said-after-killing-my-husband