ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ ആക്രമണത്തിന് ഇരയായവർ. ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നു. ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങള്‍ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിര്‍ത്തതെന്നും യുവതി പറയുന്നു.സംഭവ സ്ഥലത്ത് നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സഹായത്തിനായി യാചിക്കുകയും കരയുകയും ചെയ്യുന്നവരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ട്രെക്കിങ്ങിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാമിലെ ബെയ്സരണിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീര്‍ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്.
അതേസമയം ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനവുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു . ഇത് നിന്ദ്യവും മനുഷ്യ രഹിതവുമായ പ്രവൃത്തിയാണെന്ന് രാഷ്ട്രപതി എക്‌സില്‍ കുറിച്ചു. നിസംശയമായും അപലപിക്കപ്പെടേണ്ടതാണ്. നിരപരാധികളായ പൗരന്‍മാരെ, ഈ സാഹചര്യത്തില്‍ വിനോദ സഞ്ചാരികളെ ആക്രമിക്കുന്നത് അങ്ങേയറ്റം ഭയാനകവും മാപ്പര്‍ഹിക്കാത്തതുമാണ്. ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തിയ പ്രധാനമന്ത്രി ഭീകരാക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. ഭീകരാക്രമണം അപലപനീയവും ഹൃദയഭേദകവുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഭീകരതക്കെതിരെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടാണ്. കാശ്മീരിലെ സ്ഥിതി സാധാരണമാണെന്ന പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കരുത്. സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
STORY HIGHLIGHTS : we-were-having-bhelpuri-then-terrorist-shot-husband-pahalgam-survivors-account