India

ജമ്മു കശ്മീര്‍ ഭീകരാക്രണത്തിൽ വിറങ്ങലിച്ച് രാജ്യം; കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ആക്രമണത്തിൽ പരിക്കേറ്റ പത്തിലധികം പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മു കാശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഭീകരാക്രമണം നടന്ന സ്ഥലവും ആശുപത്രിയിൽ കഴിയുന്നവരെയും അമിത് ഷാ ഇന്ന് സന്ദർശിച്ചേക്കും. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് പുറത്ത് വരുന്ന വിവരം. സൗദിയിൽ നിന്നും മടങ്ങിയെത്തിയ ഉടൻ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭായോഗം ചേരും. പ്രധാനമന്ത്രി പഹൽഗാം സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഇന്നലെ ഉച്ചയോടെ തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണമുണ്ടായത്. മിനി സ്വിറ്റ്‍സര്‍‌ലന്‍ഡ് എന്നുവിളിക്കുന്ന ബൈസരന്‍ താഴ്‍വരയിലേക്കുള്ള വഴിമധ്യേയാണ് വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. സംഘത്തിൽ ഏഴുപേരുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്‌. പൈന്‍മരക്കാടുകളിൽനിന്ന്‌ എത്തിയ ഭീകരര്‍ കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ സൈനികവേഷത്തിലായിരുന്നെന്നും സൂചനയുണ്ട്.

ഒരു മലയാളിയും കൊല്ലപ്പെട്ടിട്ടുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങൾ സുരക്ഷിതരാണ്. ജമ്മു കശ്മീരിൽ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണം നടന്ന പഹൽഗാമിൽ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍, ഇറ്റലി സ്വദേശികളെന്നാണ് സൂചന.