India

ജമ്മുകശ്മീർ ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര മന്ത്രിസഭാ സമിതി യോഗം | Jammu and Kashmir terror attack: Emergency Cabinet Committee meeting

ഡൽഹി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര മന്ത്രിസഭാ സമിതി യോഗം ചേരും. ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങള്‍ യോഗം അവലോകനം ചെയ്യും. ജമ്മുകശ്മീരിന്റെ വിവിധ മേഖലകളില്‍ സൈന്യവും പൊലീസും ചേര്‍ന്ന് ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. 28 പേരാണ് ഭീകാരാക്രണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനുമുണ്ട്. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിക വേഷത്തിലെത്തിയവര്‍ വെടിയുതിര്‍ത്തത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ റസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്. എന്‍ഐഎ സംഘം ഇന്ന് രാവിലെ സംഭവസ്ഥലം സന്ദര്‍ശിക്കും. ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാത്രി തന്നെ ശ്രീനഗറിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ഇന്ന് സന്ദർശിക്കും.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.