കോട്ടയം: കോട്ടയം തിരുവാതുക്കലിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകക്കേസിൽ പ്രതി അസ്സം സ്വദേശി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. കൊല്ലപ്പെട്ട വിജയകുമാർ- മീര ദമ്പതികളുടെ സംസ്കാരം പിന്നീട് നടക്കും.
കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.
പ്രതി അസ്സമിലേക്ക് കടന്നതായാണ് വിവരം. പ്രതിക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. തൊഴിൽ തേടി മറ്റു സ്ഥലങ്ങളിലേക്ക് പോകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്. കൊല്ലപ്പെട്ട വിജയകുമാറിൻ്റെയും മീരയുടെയും മൊബൈൽ ഫോൺ അമിത്ത് പ്രതി കൈക്കലാക്കിയിട്ടുണ്ട്. പ്രതിയുടെ നാട്ടിലും പരിശോധന നടത്തും. സംസ്ഥാനത്തിനകത്തും പൊലീസ് തെരച്ചിൽ തുടരുന്നുണ്ട്.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ വിജയകുമാറിന്റെയും മീരയുടെയും മൃതദേഹം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്കാരം.