മലപ്പുറം: തൃണമൂൽ കോൺഗ്രസിന്‍റെ യുഡിഎഫ് പ്രവേശനത്തിൽ നിലമ്പൂർ മുൻ എംഎൽഎ പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് വി. ഡി സതീശനും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയുമാണ് ചർച്ച നടത്തുക. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രവേശനം വേണമെന്നാണ് അന്‍വറിന്‍റെ ആവശ്യം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോർഡിനേറ്റർ പദവി വഹിക്കുന്ന അന്‍വര്‍, പാര്‍ട്ടി വിട്ട് പുറത്തുവന്നാല്‍ മുന്നണിയുമായി സഹകരിപ്പിക്കാം എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദേശം. പുതിയ പാര്‍ട്ടി രൂപീകരിച്ചാലും മുന്നണിക്ക് പുറത്തുനിന്ന് സഹകരിപ്പിക്കാം എന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
അൻവർ യുഡിഎഫിന് പുറത്തുനിന്ന് സഹകരിക്കുക എന്ന ഉപാധിയും കോൺഗ്രസ് മുന്നോട്ടു വെക്കാൻ ഇടയുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ തന്നെ യുഡിഎഫിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യത്തിൽ അൻവർ ഉറച്ചുനിൽക്കും. അങ്ങനെയെങ്കിൽ ചർച്ചകൾ തുടരാം എന്ന ധാരണയിൽ ഇന്നത്തെ കൂടിക്കാഴ്ച അവസാനിക്കാനാണ് സാധ്യത. മുന്നണി പ്രവേശനം സാധ്യമാകണമെങ്കിൽ കേരള പാര്‍ട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ്. നിലവിൽ തൃണമൂല്‍ കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തൽ.