ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വേദനിച്ച് നിൽക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കൾ. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.
‘കശ്മീരിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. ഭീകരതയ്ക്കെതിരെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു,’ ട്രംപ് പറഞ്ഞു. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യക്ക് ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ട്രംപ് പിന്തുണ അറിയിച്ചു.
ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഹീന കൃത്യത്തിന് ന്യായീകരണമില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് പുടിൻ പ്രതികരിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിളിച്ചാണ് പുടിന്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തിയത്. ഈ ക്രൂരകൃത്യത്തിന് ആര്‍ക്കും ഒരു ന്യായീകരണവും നല്‍കാനാകില്ലെന്നും ഈ ആക്രമണത്തിന്റെ സൂത്രധാരന്മാരേയും ഇത് നടത്തിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. എല്ലാവിധത്തിലുമുള്ള തീവ്രവാദ ശക്തികളേയും ചെറുക്കാന്‍ ഇന്ത്യയ്ക്ക് റഷ്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പുടിന്‍ ഉറപ്പുനല്‍കി.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ താൻ വളരെയധികം ദുഃഖിതയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. ആക്രമണത്തിൽ ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളോടും, പരിക്കേറ്റവരോടും, സർക്കാരിനോടും, മുഴുവൻ ഇന്ത്യൻ ജനതയോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.മെലോണി പറഞ്ഞു.
യുഎഇ വിദേശകാര്യ മന്ത്രാലയവും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. സുരക്ഷക്ക് ഭീഷണിയുയർത്തുന്ന മുഴുവൻ ആക്രമണങ്ങളെയും തള്ളുന്നുവെന്ന് യുഎഇ അറിയിച്ചു. ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും യുഎഇ വിദേശകാര്യ മന്ത്രാലയവും പറഞ്ഞു.