Kerala

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അമിത് പിടിയിൽ | Thiruvathukkal double murder; Accused Amit arrested

കോട്ടയം: തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഒറാങ് പിടിയിൽ. തൃശൂർ മാളയ്ക്ക് സമീപം മേലാടൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. പ്രതിയെ ഉടൻ കോട്ടയത്ത് എത്തിക്കും.

മൂന്നു വർഷമായി ഇയാൾ വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതിനും അതുപയോഗിച്ചു പണം തട്ടിയെടുത്തതിനും ഇയാൾ പിടിയിലായിരുന്നു. ഈ കേസിൽ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു. ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്നുമാണ് പൊലീസ് നിഗമനം.

കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയെന്ന് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്‍റെ വീടിന്‍റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് അണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്‍റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. വിവിധ സംഘങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തും.

പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പരുകളെല്ലാം സ്വിച്ച് ഓഫാണ്. മൊബൈൽ ഫോൺ കവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തും. പ്രതിയുടെ നാട്ടിലും പരിശോധനയുണ്ടാകും. മുമ്പ് നടന്ന മോഷണക്കേസിലെയും കൃത്യം നടത്തിയ വീട്ടിലെയും വിരലടയാളം അമിത്തിൻ്റേതെന്ന് തിരിച്ചറിഞ്ഞിരുന്നു.