ഇറച്ചിക്കറിയുടെ അതെ സ്വാദിൽ ഒരു വെജ് കറി വെച്ചാലോ? മറ്റൊന്നും കൊണ്ടല്ല, സോയ ചങ്ക്‌സ് വെച്ച്. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു സോയ ചങ്ക്‌സ് കറിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- സോയ ചങ്ക്സ് – 2 കപ്പ്
- സവാള – വലുത് ഒരെണ്ണം
- തക്കാളി – 1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി – ഒരു പിടി അളവില്‍ ചതച്ചെടുത്തത്
- കറിവേപ്പില – 1 തണ്ട്
- പച്ചമുളക് – 1 എണ്ണം
- തേങ്ങ – 1 കപ്പ്
- ജീരകം – 1 പിഞ്ച്
- മുളകുപൊടി – ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
- മല്ലിപ്പൊടി – ഒന്നര ടീസ്പൂണ്‍
- കുരുമുളക് പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
- ഗരം മസാല – കാല്‍ ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളമെടുത്ത് കുറച്ച് ഉപ്പുമിട്ട് നല്ലതു പോലെ തിളപ്പിക്കുക. വെള്ളം നന്നായി വെട്ടിതിളച്ചു തുടങ്ങുമ്പോള്‍ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച സോയാബീന്‍ ഇട്ടു കൊടുക്കാവുന്നതാണ്. സോയാബീന്‍ വെള്ളത്തില്‍ കിടന്ന് ഒന്ന് വെന്തു തുടങ്ങുമ്പോള്‍ സ്റ്റവ് ഓഫ് ചെയ്യാം. അതിന്റെ ചൂട് പോയി കഴിഞ്ഞാല്‍ കൈ ഉപയോഗിച്ച് നല്ലതുപോലെ സോയാബീനിലെ വെള്ളമെല്ലാം പിഴിഞ്ഞ് കളയണം. അടുത്തതായി കറിയിലേക്ക് ആവശ്യമായ മസാലക്കൂട്ട് തയ്യാറാക്കാം.
അതിനായി എടുത്തുവച്ച എല്ലാ പൊടികളും ഉള്ളിയും, പച്ചമുളകും, തക്കാളിയും, കറിവേപ്പിലയും സോയാബീനിലേക്ക് ഇട്ട് കുറച്ച് വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് 15 മിനിറ്റ് നേരം വേവിച്ചെടുക്കുക. അടുത്തതായി ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് ഒരു കപ്പ് അളവില്‍ തേങ്ങ ഇട്ടു കൊടുക്കുക.
തേങ്ങ നല്ലതുപോലെ നിറം മാറി ഇളം ബ്രൗണ്‍ നിറമായി തുടങ്ങുമ്പോള്‍ അതിലേക്ക് കുറച്ച് ജീരകം കൂടി ചേര്‍ത്തു കൊടുക്കാവുന്നതാണ്. ശേഷം സ്റ്റൗ ഓഫ് ചെയ്തു ചൂടാറാനായി മാറ്റി വയ്ക്കാം. ഈയൊരു സമയം കൊണ്ട് കറി നല്ലതു പോലെ തിളച്ച് വരുന്നതായിരിക്കും. ശേഷം എടുത്തു വച്ച തേങ്ങയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളം മാത്രം ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ആ ഒരു കൂട്ടു കൂടി കറിയിലേക്ക് ചേര്‍ത്ത് കുറച്ചു കറിവേപ്പില കൂടി മുകളിലായി തൂവി അല്‍പ നേരം കൂടി അടച്ചുവെച്ച് വേവിക്കുക. കറി നല്ലതു പോലെ തിളച്ചു കുറുകി വറ്റി തുടങ്ങിയാല്‍ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്.