ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ആധാറുപയോഗിച്ചുള്ള തട്ടിപ്പുകൾ വര്‍ധിച്ചുവരികയാണ്. ഇതിനു പ്രധാന കാരണങ്ങളിലൊന്നു ആധാര്‍ ഫിസിക്കല്‍ കാര്‍ഡുകള്‍ ആണ്.എന്നാൽ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ആധാര്‍ ആപ്പ് ഈ പ്രശ്‌നത്തിന് ഒരു പരിഹാരമായേക്കും. ഈ ആപ്പ് നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്.
ബാങ്ക് അക്കൗണ്ടുകള്‍ മുതല്‍ സര്‍ക്കാര്‍ സബ്‌സിഡി വരെ ഇന്ന് ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ആധാര്‍ വിവരങ്ങള്‍ ചോരുന്നത് നിങ്ങളുടെ എല്ലാ വിവരങ്ങളും മറ്റൊരാളുടെ നിയന്ത്രണത്തിലാകുന്നപോലെയാണ്. ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ പോലും ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ആധാര്‍ ഡാറ്റകള്‍ ദുരുപയോഗം ചെയ്യപ്പെടാം. ആധാര്‍ ആപ്പ് വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ആവശ്യമായ ഡാറ്റകള്‍ മാത്രം പങ്കിടാമെന്നു പറയപ്പെടുന്നു. എന്നാല്‍ അതിന് അല്‍പം കൂടി സമയമെടുത്തേക്കാം.
നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ നിങ്ങള്‍ അറിയാതെ മാറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ, അല്ലെങ്കില്‍ ഉപയോഗിക്കുന്നുണ്ടോ എന്നു നിങ്ങള്‍ക്കു തന്നെ പരിശോധിക്കാന്‍ സാധിക്കും. എന്നാല്‍ എത്രപേര്‍ക്ക് ഇക്കാര്യം അറിയാം? ആധാര്‍ ഡാറ്റ എവിടെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് വീട്ടിലിരുന്നു തന്നെ എങ്ങനെ പരിശോധിക്കാമെന്നു നോക്കാം.
ആദ്യം UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റായ https://uidai.gov.in ല്‍ എത്തുക.
ഹോം പേജില്‍ നിന്ന് My Aadhaar ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
തുടര്‍ന്നുള്ള ഓപ്ഷനുകളില്‍ നിന്ന് ‘Aadhaar Authentication History’ തെരഞ്ഞെടുക്കുക.
തുറന്നുവരുന്ന ജാലകത്തില്‍ നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കി കാപ്ച പൂര്‍ത്തീകരിക്കുക.
രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്വേഡ് (OTP) നല്‍കുക.
ഇതോടെ നിങ്ങളുടെ ആധാര്‍ ഉപയോഗ ചരിത്രം സ്‌ക്രീനില്‍ ദൃശ്യമാകും. ആധാര്‍ കാര്‍ഡ് എപ്പോള്‍, എവിടെ ഉപയോഗിച്ചുവെന്ന് ഇതില്‍ അറിയാം.
ആധാര്‍ കാര്‍ഡ് ചരിത്രത്തില്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത എന്തെങ്കിലും എന്‍ട്രി കണ്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കുക.
ആധാര്‍ കാര്‍ഡ് സ്ഥിരമായി ഉപയോഗിക്കാത്തവര്‍, ഡാറ്റ ചോര്‍ച്ചയില്‍ ഭയമുള്ളവര്‍ എന്നിവര്‍ക്ക് വിവരങ്ങള്‍ ലോക്ക് ചെയ്തു സൂക്ഷിക്കാവുന്നതാണ്. ഇതിനായി മുകളില്‍ പറഞ്ഞ സൈറ്റിലെ മൈ ആധാര്‍ വിഭാത്തിലെ ആധാര്‍ സേവനങ്ങളില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ‘Lock/Unlock Biometrics’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. രജിസ്റ്റര്‍ ചെയത് മൊബൈലില്‍ ലഭിക്കുന്ന ഒടിപി വഴി നിങ്ങള്‍ക്ക് കാര്‍ഡ് ആവശ്യാനുസരണം ലോക്ക് ചെയ്യുകയോ, അണ്‍ലോക്ക് ചെയ്യുകയോ ചെയ്യാം.