Health

വീട്ടിൽ പൂച്ചയുണ്ടോ? പൂച്ചകളെ വളർത്തുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറയും; പഠനം പറയുന്നു | Cat

പൂച്ചകളെ വളർത്തുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും

പലരുടെയും വീട്ടിൽ ഒരുപാട് പൂച്ചകളെ വളർത്താറുണ്ട്. പൂച്ചയില്ലാത്ത വീടുകൾ ഇന്ന് വിരളമാണ്. മനുഷ്യന്റെ ഹൃദയം ആരോഗ്യത്തോടെ സൂക്ഷിക്കാനുള്ള ശേഷി ഇവർക്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പൂച്ചയെ വളര്‍ത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സാധിക്കും.

മനുഷ്യരിൽ പലപ്പോഴും ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ അവർക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും സ്‌ട്രെസും ഒരു കാരണമാണ്. നിരന്തരമുണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങൾ അനവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. പ്രത്യേകിച്ച്, ശരീരത്തില്‍ കോര്‍ട്ടിസോള്‍ വര്‍ദ്ധിക്കുന്നത് അമിതവണ്ണത്തിലേയ്ക്കും, ഹോര്‍മോണ്‍ വ്യതിയാനങ്ങളിലേയ്ക്കും നയിക്കും. ഒപ്പം ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനും ഇവ കാരണമാകുന്നു.

എന്നാൽ വീട്ടിലൊരു പൂച്ചയുണ്ടെങ്കിൽ ഈ പറയുന്ന പല ആരോഗ്യ പ്രശ്നങ്ങളെയും മാറ്റി നിർത്താൻ സഹായിക്കും എന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പങ്കുവെച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂച്ചകളെ വളർത്തുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. കൂടാതെ, ഹാപ്പി ഹോര്‍മോണായ ഓക്‌സിടോക്‌സിന്റെ ഉല്‍പാദനവും ശരീരത്തില്‍ നടക്കുന്നു. ഇത് ഒരു വ്യക്തിയിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇതിനോടൊപ്പം ഹൃദ്രോഗ സാധ്യത തടയാനും സഹായിക്കുന്നു. പൂച്ചയുടെ കൂടെ കളിക്കുന്നതും, അവരെ എല്ലായ്‌പ്പോഴും പരിപാലിക്കുന്നതും ശരീരത്തിന് വ്യായാമവും നല്‍കുന്നു. ഇതും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.

വീട്ടില്‍ ഒരു പൂച്ച, അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ഒരു വളര്‍ത്തു മൃഗം ഉണ്ടെങ്കില്‍, ഒറ്റപ്പെടലില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതാണ്. പൂച്ചകള്‍ക്ക് ആഹാരം നല്‍കിയും, അവയെ കുളിപ്പിച്ചും പരിപാലിച്ചും നോക്കുന്നത് വലിയൊരു ആശ്വാസം പലര്‍ക്കും നല്‍കുന്നു. പലപ്പോഴും മാനസികാരോഗ്യം നിലനിര്‍ത്താനും ഇത്തരത്തില്‍ മൃഗങ്ങളെ വളര്‍ത്തുന്നതിലൂടെ സാധിക്കും.

പൂച്ചകളുടെ ആരോഗ്യം വളരെയധികം പ്രധാനപ്പെട്ട ഘടകമാണ്. പൂച്ചകള്‍ക്ക് അസുഖം വരാതെ പരിപാലിക്കണം. അതുപോലൈ, പൂച്ചകളില്‍ വിരകള്‍ കടന്നുകൂടാനുള്ള സാധ്യത കൂടുതലാണ്. ഇവ കൃത്യമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, കൃത്യ സമയത്ത് കുത്തിവെയ്പ്പുകള്‍ നല്‍കുക. നല്ല ആരോഗ്യമുള്ള പൂച്ചകളെ തന്നെ വാങ്ങാനും വളര്‍ത്താനും ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും. പൂച്ചകളെ കൂടെ കൂട്ടുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങളും അകറ്റി നിർത്താൻ കഴിയുമെങ്കിൽ അവയോട് കൂട്ടുകൂടുന്നത് നല്ലതാണ്.

content highlight: Cat in home