Sports

ഇതിഹാസ പരിശീലകൻ ഡോണ്‍ കാര്‍ലോ റയല്‍ മാഡ്രിഡിന്റെ പടിയിറങ്ങുന്നു | Don Carlo

ലാ ലിഗ, കോപ്പ ഡെല്‍ റേ കിരീടങ്ങളാണ് ഇനി റയല്‍ ലക്ഷ്യമിടുന്നത്

ഇറ്റാലിയന്‍ പരിശീലകന്‍ കര്‍ലോസ് ആൻസലോട്ടി റയല്‍ മാഡ്രിഡിന്റെ പടിയിറങ്ങുന്നു. പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ആന്‍സലോട്ടി ക്ലബ് ലോകകപ്പില്‍ റയല്‍ പരിശീലകനായി ഡഗൗട്ടിലുണ്ടാകില്ലെന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ക്ലബ് ലോകകപ്പ് കഴിയും വരെ ഡോണ്‍ കാര്‍ലോ കാത്തിരിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഇരു പാദങ്ങളിലും ആഴ്‌സണലിനോടു പരാജയപ്പെട്ട് റയല്‍ പുറത്തായിരുന്നു. ഇതോടെയാണ് ആന്‍സലോട്ടിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ലിഗ, കോപ്പ ഡെല്‍ റേ കിരീടങ്ങളാണ് ഇനി റയല്‍ ലക്ഷ്യമിടുന്നത്. കോപ്പ ഡെല്‍ റേ ഫൈനില്‍ ബദ്ധവൈരികളായ ബാഴ്‌സലോണയാണ് എതിരാളികള്‍. ലാ ലിഗയിലും ബാഴ്‌സയാണ് മുന്നില്‍. നാല് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ രണ്ടാമത് നില്‍ക്കുന്നു.

ക്ലബ് ലോകകപ്പില്‍ റയല്‍ പുതിയ പരിശീലകന്റെ കീഴിലായിരിക്കും ഇറങ്ങുക. ബുണ്ടസ് ലീഗ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍തകൂസന്റെ പരിശീലകന്‍ ഷാബി അലോണ്‍സോയാണ് ആന്‍സലോട്ടിക്കു പകരക്കാരനായി റയല്‍ പരിഗണിക്കുന്ന ഒന്നാമത്തെ പരിശീലകന്‍. എന്നാല്‍ ലെവര്‍കൂസനില്‍ 2026വരെ അലോണ്‍സോയ്ക്ക് കരാറുണ്ട്. ക്ലബിനു നഷ്ടപരിഹാരം നല്‍കിയ ഏതു വിധത്തിലും അലോണ്‍സോയെ എത്തിക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.

ആന്‍സലോട്ടി റയലിന്റെ പടിയിറങ്ങി ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ആന്‍സലോട്ടി റയല്‍ വിടുകയാണെന്നു അറിഞ്ഞതിനു പിന്നാലെ ബ്രസീല്‍ ഫുട്‌ബോള്‍ അധികൃതര്‍ ആന്‍സലോട്ടിയുമായി കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ക്കു തുടക്കമിട്ടതായും വാര്‍ത്തകളുണ്ട്.

content highlight: Don Carlo