India

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സർക്കാർ

പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ സര്‍ക്കാര്‍. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ തന്നെ ഉറപ്പുവരുത്തുമെന്നും മൃതദേഹങ്ങൾ മാന്യമായ രീതിയിൽ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭീകരത ഒരിക്കലും ഞങ്ങളുടെ ദൃഢനിശ്ചയത്തെ തകർക്കില്ല. ഈ ക്രൂരകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽകൊണ്ടുവരാതെ ഞങ്ങൾ വിശ്രമിക്കില്ല. പഹൽഗാമിലെ താഴ് വരയിൽ നിന്ന് ഞങ്ങളുടെ അതിഥികള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നത് കാണുന്നത് ഹൃദയഭേദകമാണെന്ന് ഉമര്‍ അബ്ദുള്ള പറഞ്ഞു.

അതേസമയം, ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റ 15 പേർ ചികിത്സയിലാണ്. ഭീകരാക്രമണം നടന്ന പഹൽഗാമിലെ ബൈസരൻ വാലി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സന്ദർശിച്ചു. ഭീകരർക്കായുള്ള അരിച്ചുപെറുക്കിയുള്ള തെരച്ചിലാണ് പ്രദേശത്ത് നടക്കുന്നത്.

സേനയും പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കേസ് അന്വേഷിക്കുന്ന എൻഐഎ സംഘവും പഹൽഗാമിലെത്തി. പ്രദേശത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്.