‘വിനോദസഞ്ചാരികളെന്ന് പറഞ്ഞ് വരുന്നവര്‍ ഈ ഭൂമി സ്വന്തമാണെന്ന് കരുതും. അവര്‍ക്ക് നേരയാണ് ഈ ആക്രമണം’ ഇതായിരുന്നു പുഹൽഗാമിലെ കൊടും ക്രൂരതയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ പ്രതികരണം. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ചാവേർ ആക്രമണത്തിന് ശേഷം കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്. 29 പേർ ഇതിനകം കൊല്ലപ്പെട്ടതായി വാർത്തകള്‍ വന്നു. ദി റസിസ്ററൻ്റ് ഫ്രണ്ട് അഥവ ടിആർഎഫ് എന്ന ഭീകര സംഘടനയാണ് അക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.ഇന്ത്യക്കാരെ ശത്രുക്കളായി കാണുന്ന സംഘടനയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് അഥവാ ടിആർഎഫ്.ലഷ്കറെ ത്വയിബയുടെ നിഴൽരൂപമാണ് ടിആർഎഫ്. 2019-ലാണ് ടിആർഎഫ് രൂപീകരിക്കുന്നത്.. ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു തദ്ദേശീയ കശ്മീരി പ്രതിരോധ പ്രസ്ഥാനമായിട്ടാണ് ടിആർഎഫ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റിൽ കശ്മീരിൻ്റെ പ്രത്യേക പദവി നഷ്ടപ്പെടുത്തികൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് റെസിസ്റ്റൻസ് ഫ്രണ്ട് സ്ഥാപിതമാകാനുള്ള കാരണം.
ശ്രീനഗര്‍ സ്വദേശിയായ സജ്ജാദ് ഗുല്‍ ആണ് TRF തലവന്‍. ഇയാളെ ഇന്ത്യ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. TRF ഓണ്‍ലൈന്‍ വഴി യുവാക്കളെ ഭീകരവാദത്തിന് പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ഭീകരവാദ സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യുക, ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം, പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും ലഹരിവസ്തുക്കളും കടത്തുക. ഇതിലൊക്കെ TRFന്റെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ ഗന്ദര്‍ബാലില്‍ ഡോക്ടറേയും ആറ് തൊവിലാളികളേയും കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിരുന്നു.
2023 ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെയും അനുബന്ധ ഗ്രൂപ്പുകളെയും നിരോധിച്ചിരുന്നു. പിന്നാലെ ടിആർഎഫ് നേതാവായ ഷെയ്ഖ് സജ്ജാദ് ഗുലിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണ് ഈ സംഘടന സ്ഥാപിച്ചതെന്നും അതിന്റെ ഒരു ശാഖയാണ് ടിആർഎഫ് എന്നുമാണ് കേന്ദ്ര സർക്കാറിന്റെ കണ്ടെത്തൽ. ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇവരുടെ ആശയപ്രചാരണവും സംഘാടനവും. ജമ്മു കശ്മീരിലെ സംഘർഷങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്ന ടിആർഎഫ് 2024 ഏപ്രിലിലാണ് ഇതിന് മുമ്പ് ആക്രമണം നടത്തിയത്.
കശ്മീരിൻ്റെ പ്രത്യേക പദവി വീണ്ടെടുക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നാണ് നിരീക്ഷണം. പ്രധാനമായും കശ്മീരിലെ അധികാര സംവിധാനങ്ങളെയാണ് ടിആർഎഫ് ലക്ഷ്യം വെക്കുന്നതെങ്കിലും സ്ഥലത്തെ വിനോദ സഞ്ചാരികളും കച്ചവടകാരുമുൾപ്പടെയുള്ള സിവിലിയന്‌സും ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്കായി ആയുധങ്ങൾ കൊണ്ടുപോകുന്നത് ഏകോപിപ്പിക്കുക, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്ത് നടത്തുക, സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുക എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങളുമായി ടിആർഎഫിന് ബന്ധമുണ്ടെന്നാണ് കേന്ദ്ര സർക്കാർ സംഘടനയ്ക്കെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ.
ടിആര്‍എഫ് ഇതുവരെ നടത്തിയതില്‍ ഏറ്റവും തീവ്രമേറിയ ആക്രമണമാണ് ഇപ്പോള്‍ പഹല്‍ഗാമില്‍ നടന്നിട്ടുള്ളത്. കശ്മീരിലെത്തുന്ന പ്രദേശവാസികളല്ലാത്ത വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും തങ്ങള്‍ ആക്രമിക്കുമെന്ന് ടിആര്‍എഫ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.
പക്ഷെ കശ്മീർജനത സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് വീണ്ടുമൊരു ആഘാതം ഉണ്ടാകുന്നത്.ഇതിലൂടെ ഭീതിയുടെ നിഴൽ വീഴ്ത്തുകയാണ് തീവ്രവാദികളുടെ ലക്ഷ്യം.