Kerala

ഐടി ജീവനക്കാരും കമ്പനികളും പാര്‍ക്കിംഗ് സൗകര്യം പൂര്‍ണമായും ഉപയോഗപ്പെടുത്തണം- ഇന്‍ഫോപാര്‍ക്ക്

കൊച്ചി: വര്‍ധിച്ചു വരുന്ന പാര്‍ക്കിംഗ് ആവശ്യങ്ങള്‍ പരിഗണിച്ച് 600 ഓളം കാര്‍പാര്‍ക്കിംഗ് സൗകര്യം അധികമായി ഏര്‍പ്പെടുത്തി ഇന്‍ഫോപാര്‍ക്ക്. സ്വകാര്യ കമ്പനികളും സ്ഥലം പാട്ടത്തിനെടുത്ത കെട്ടിട നിര്‍മ്മാതാക്കളും പാര്‍ക്കിംഗ് ആവശ്യം പലപ്പോഴായി ഉന്നയിച്ച സാഹചര്യത്തിലാണ് കൂടുതല്‍ പാര്‍ക്കിംഗ് ഇന്‍ഫോപാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഫേസ് ഒന്നില്‍ ഇന്‍ഫോപാര്‍ക്കിന് സ്വന്തമായി നാല് കെട്ടിടങ്ങളാണുള്ളത്. ഇതിലെ കമ്പനികള്‍ ആവശ്യപ്പെട്ട മുറയ്ക്കുള്ള പാര്‍ക്കിംഗ് നിലവില്‍ തന്നെ നല്‍കുന്നുണ്ട്.

പാര്‍ക്കിന്‍റെ തെക്ക് ഗേറ്റിനോട് ചേര്‍ന്നുള്ള ഇന്‍ഫോപാര്‍ക്ക് സ്ക്വയര്‍ പൂര്‍ണമായും പെയ്ഡ് പാര്‍ക്കിംഗിന് നല്‍കിയിട്ടുണ്ട്. 140 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമാണ് അവിടെയുള്ളത്. എന്നാല്‍ ശരാശരി 40 ശതമാനം മാത്രമാണ് പാര്‍ക്കിംഗിനു വേണ്ടി ഉപയോഗപെടുത്തിയിട്ടുള്ളു.

ഇന്‍ഫോപാര്‍ക്ക് സ്ക്വയര്‍ പാര്‍ക്കിംഗില്‍ നിന്നും കമ്പനികളിലേക്ക് പോകാനായി സൗജന്യ ഇലക്ട്രിക്ക് ബഗ്ഗി സംവിധാനവും ലഭ്യമാണ്. പാര്‍ക്കിന്‍റെ രണ്ട് കവാടവും എല്ലാ കെട്ടിടങ്ങളുടെ മുമ്പിലൂടെയും പോകുന്ന രണ്ട് ഇലക്ട്രിക് ബഗ്ഗികളുടെ സര്‍വീസ് തികച്ചും സൗജന്യമാണ്. രാവിലെ എട്ടര മുതല്‍ പതിനൊന്ന് വരെയും, വൈകീട്ട് നാല് മുതല്‍ ഏഴ് വരെയും ആണ് സര്‍വീസ് നടത്തുന്നത്. ഒരു ബഗ്ഗിയില്‍ 14 പേര്‍ക്ക് സഞ്ചരിക്കാം.

ഇതിനു പുറമെ ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേയില്‍ തെക്കേ കവാടത്തിനോട് ചേര്‍ന്ന് സ്വകാര്യ ഭൂമിയിലും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 340 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. ഇന്‍ഫോപാര്‍ക്കിലെ കമ്പനികള്‍ക്ക് ബള്‍ക്ക് ലീസ് വ്യവസ്ഥയിലും ഇവിടെ പാര്‍ക്കിംഗ് സ്വന്തമാക്കാം. എന്നാല്‍ ഇവിടെയും 58 ശതമാനം പാര്‍ക്കിംഗ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

ഇന്‍ഫോപാര്‍ക്കിന്‍റെ സ്വന്തം കെട്ടിടമായ അതുല്യയിലെ ബഹുനില പാര്‍ക്കിംഗിലും 40 കാറുകള്‍ക്കുള്ള സൗകര്യം ഒഴിഞ്ഞു കിടക്കുകയാണ്. ഐ ടി കമ്പനികളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോഴാണ് കൂടുതല്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയത്. എന്നാല്‍ ഇവ പൂര്‍ണമായും ഉപയോഗപ്പെടുത്താതെ ക്യാമ്പസിന്‍റെ വെളിയില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

ഇന്‍ഫോപാര്‍ക്കിലെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പ് ഇന്‍ഫോപാര്‍ക്കിന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും ആഭ്യന്തര വാട്സാപ്പ് ഗ്രൂപ്പുകളിലും നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ഫേസ് ഒന്ന് കാമ്പസില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേയും ഒരുക്കിയിട്ടുണ്ട്.

Latest News