ഗൂഗിളും ഇന്തയിൽ നിർമ്മാണം ആരംഭിക്കുന്നു. കമ്പനിയുടെ ജനപ്രിയ ഫോണായ പിക്സൽ സ്മാർട്ട്‌ഫോണുകളുടെ നിർമ്മാണം വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയുടെ പുതിയ ഇറക്കുമതി താരിഫുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, വിയറ്റ്നാമിൽ നിന്നുള്ള പിക്സൽ സ്മാർട്ട്‌ഫോൺ ഉൽപ്പാദനത്തിന്‍റെ ഒരു ഭാഗം ഇന്ത്യയിലേക്ക് മാറ്റുന്നതിനായി പ്രാദേശിക നിർമ്മാതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. എൻക്ലോഷറുകൾ, ചാർജറുകൾ, ഫിംഗർപ്രിന്‍റ് സെൻസറുകൾ, ബാറ്ററികൾ തുടങ്ങിയ പ്രധാന ഘടകങ്ങൾ ഇന്ത്യയിൽ തന്നെ പ്രാദേശികവൽക്കരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ടെക് ഭീമൻ ഡിക്സൺ ടെക്നോളജീസുമായും ഫോക്സ്കോണുമായും ചർച്ച ചെയ്തിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ, ഇന്ത്യയിൽ നിർമ്മിച്ച മിക്ക പിക്സൽ ഫോണുകളും ഇറക്കുമതി ചെയ്ത ഭാഗങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.